തിരുവനന്തപുരം വിമാനത്താവത്തിലൂടെയുള്ള സ്വര്‍ണക്കടത്ത്; ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും

ഇന്നലെ കൊച്ചിയിലെ എന്‍ഐഎ ഓഫിസില്‍ വിളിച്ചു വരുത്തി ഒമ്പതു മണിക്കൂര്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍.

Update: 2020-07-28 00:46 GMT

കൊച്ചി: തിരുവനന്തപുരം വിമാനത്താവള കളളക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ ദേശീയ അന്വേഷണ ഏജന്‍സി ഇന്നും ചോദ്യം ചെയ്യും. ഇന്നലെ കൊച്ചിയിലെ എന്‍ഐഎ ഓഫിസില്‍ വിളിച്ചു വരുത്തി ഒമ്പതു മണിക്കൂര്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. ആദ്യഘട്ട ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകള്‍ മുന്‍നിര്‍ത്തിയാണ് ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നിരത്തി ഇന്നലെ മൊഴിയെടുത്തത്. ഇന്നലെ രാവിലെ 9.30 ഓടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഏഴ് മണിവരെ നീണ്ടിരുന്നു.

എന്‍ഐഎ കൊച്ചി യൂനിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഐഎയുടെ പ്രോസിക്യൂട്ടര്‍മാരെയും വിളിച്ചുവരുത്തി. കേസിലെ പ്രതി സ്വപ്‌നസുരേഷുമായി ശിവശങ്കറിനുണ്ടായിരുന്ന അടുപ്പം കളളക്കടത്തിനായി ഉപയോഗിച്ചോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്വപന്ക്കും കൂട്ടുപ്രതികള്‍ക്കും കളളക്കടത്ത് ഇടപാടുണ്ടെന്ന് അറിയില്ലായിരുന്നെന്നാണ് ചോദ്യം ചെയ്യലില്‍ ശിവശങ്കറിന്റെ നിലപാട്. ഇക്കാര്യത്തില്‍ മനപൂര്‍വം മൗനം നടിച്ചതാണെങ്കില്‍ ശിവശങ്കര്‍ പ്രതിയാകും. കളളക്കടത്ത് പിടികൂടിയതിന് പിന്നാലെ പലവട്ടം സ്വപ്‌ന ശിവശങ്കറിനെ വിളിച്ചിട്ടുണ്ട്. ടെലിഗ്രാം ചാറ്റുകളും നടത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്.

നയതന്ത്ര ബാഗ് തടഞ്ഞുവെച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ ഒന്നിനും അഞ്ചിനും ഇടയിലുളള തീയതിയില്‍ സ്വപ്‌ന ശിവശങ്കറിനെ കാണാന്‍ സെക്രട്ടേറിയറ്റില്‍ എത്തിയതായി കരുതുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന അധികാരമുപയോഗിച്ച് ബാഗ് വിടുവിക്കുകയോ തിരിച്ചയപ്പിക്കുകയോ ആയിരുന്നു ലക്ഷ്യമെന്നാണ് കരുതുന്നത്.

നേരത്തെ തിരുവനന്തപുരത്തുവെച്ചും ശിവശങ്കറെ എന്‍ഐഎ ചോദ്യംചെയ്തിരുന്നു. അന്ന് അഞ്ച് മണിക്കൂറാണ് ചോദ്യം ചെയ്തത്. കേസിലെ പ്രതികളായ സ്വപ്‌നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്ന് ശിവശങ്കര്‍ നേരത്തെ എന്‍ഐഎയോട് പറഞ്ഞിരുന്നു.

Similar News