സ്വർണക്കടത്ത്: ആയങ്കിയെ 2018ൽ പുറത്താക്കിയെന്ന് ഡിവൈഎഫ്ഐ; മെയ് 26ലെ ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുത്ത ചിത്രങ്ങൾ പുറത്ത്

ഡിവൈഎഫ്ഐ അഴീക്കോട്‌ നോർത്ത് മേഖലാ കമ്മിറ്റി അംഗം രോഷിത്ത് പങ്കെടുത്ത ഈ സമര പരിപാടിയിൽ അർജുൻ ആയങ്കിയും പങ്കെടുത്തിരുന്നു

Update: 2021-06-28 15:03 GMT

കണ്ണൂർ: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയെ ഡിവൈഎഫ്ഐ 2018 ൽ പുറത്താക്കിയെന്ന ഡിവൈഎഫ്ഐ വാദം പൊളിയുന്നു. കഴിഞ്ഞ മെയ് 26 ന് നടന്ന ദേശീയ പ്രക്ഷോഭത്തിന്റെ സമരപരിപാടിയിലും ആയങ്കി പങ്കെടുത്ത ചിത്രം പുറത്തുവന്നു. കപ്പക്കടവ് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രം വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അക്കൗണ്ടിൽ നിന്ന് നീക്കി.


ഡിവൈഎഫ്ഐ അഴീക്കോട്‌ നോർത്ത് മേഖലാ കമ്മിറ്റി അംഗം രോഷിത്ത് പങ്കെടുത്ത ഈ സമര പരിപാടിയിൽ അർജുൻ ആയങ്കിയും പങ്കെടുത്തിരുന്നു. 2018 ൽ തന്നെ അർജുൻ ആയങ്കിയെ പുറത്താക്കിയിരുന്നുവെന്നാണ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


എന്നാൽ ഈ ചിത്രം ചർച്ചയായതിന് പിന്നാലെ അർജുൻ ആയങ്കി ഉൾപ്പെട്ട രണ്ട് ചിത്രങ്ങൾ അകൗണ്ടിൽ നിന്ന് നീക്കം ചെയ്തു. അർജുൻ ആയങ്കി സജീവ ഡിവൈഎഫ്ഐ പ്രവർത്തകനാണ് എന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ് പുറത്തുവന്നിരിക്കുന്ന ചിത്രം. സിപിഎം ജില്ലാ നേതൃത്വവും കൊട്ടേഷന്‍ സംഘങ്ങളെന്ന പേരില്‍ ഇവരെ തള്ളിപ്പറഞ്ഞിരുന്നു.