സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി ഒന്നാം പ്രതിയാകുമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയെ തിരുത്തുന്ന പാര്‍ട്ടി സംവിധാനവും സിപിഎമ്മിനില്ലെന്നും യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല കണ്ണുരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Update: 2020-10-29 09:06 GMT

കണ്ണൂര്‍: സ്വര്‍ണ കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാര്‍മികമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് അവകാശമില്ല. മുഖ്യമന്ത്രിയെ തിരുത്തുന്ന പാര്‍ട്ടി സംവിധാനവും സിപിഎമ്മിനില്ലെന്നും യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല കണ്ണുരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നാലരവര്‍ഷകാലം മുഖ്യമന്ത്രിയുടെ നാവും, മനസുമായി പ്രവര്‍ത്തിച്ച ശിവശങ്കരനാണ് ഇഡിയുടെ കസ്റ്റഡിയിലുള്ളത്. ഇതോടെ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നത്. ഈ അന്വേഷണം മുഖ്യമന്ത്രിയിലേക്കാണ് നീങ്ങുന്നത്. വിജിലന്‍സ് ചോദ്യം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ ആ പൂതി മനസ്സില്‍ ഇരിക്കട്ടെ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ പൂതി നടക്കാന്‍ പോവുകയാണ്. സ്വര്‍ണ കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സ്വര്‍ണ കടത്തുമായി ബന്ധമുള്ള ആളുകള്‍ ഇനിയും മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ട്. സ്വപ്‌ന സുരേഷിനെ സഹായിച്ച മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റുള്ളവരിലേക്ക് അന്വേഷണം വേണം. ശിവശങ്കറിന്റെ അറസ്റ്റ് തുടക്കം മാത്രം. തുടക്കം മുതല്‍ മുഖ്യമന്ത്രി ശിവശങ്കരനെ സംരക്ഷിച്ചു. മുഖ്യമന്ത്രി കൂടി അറിഞ്ഞ് കൊണ്ടാണ് സ്വര്‍ണ കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാന്‍ ശിവശങ്കരന്‍ ശ്രമിച്ചത്.

മുഖ്യമന്ത്രിയെ തിരുത്താന്‍ പാര്‍ട്ടി സംവിധാനവുമില്ല. മുഖ്യമന്ത്രി രാജിവെക്കണം.ധാര്‍മികമായി മുഖ്യമന്ത്രി സ്ഥാനാത്ത് തുടരാന്‍ പിണറായി വിജയന് അവകാശമില്ല. കെ എം ഷാജി എംഎല്‍എയെ മുഖ്യമന്ത്രി വേട്ടയാടുകയാണ്. ഒറ്റക്കെട്ടായി ഷാജിയെ സംരക്ഷിക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News