സ്വര്‍ണക്കടത്ത്: ഗ്രീന്‍ചാനല്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം

Update: 2020-07-10 08:59 GMT

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ ഏറ്റെടുത്തതോടെ അന്വേഷണം ഗ്രീന്‍ ചാനല്‍ സൗകര്യം ഉപയോഗിച്ചവരിലേക്കും നീളുന്നു. സുരക്ഷാ പരിശോധനകള്‍ ഒഴിവാക്കി ഗ്രീന്‍ചാനല്‍ വഴിയെത്തിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടികള്‍ക്കു ഗ്രീന്‍ ചാനലിലൂടെ എത്തിയ വിദേശ പ്രതിനിധികളെക്കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരും. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നാ സുരേഷും സംഘവും ഗ്രീന്‍ ചാനല്‍ വഴി സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഹാഷ് ഫ്യൂച്ചര്‍, കൊച്ചി ഡിസൈന്‍ വീക്ക് എന്നീ പരിപാടികള്‍ക്ക് എത്തിയ വിദേശ പ്രതിനിധികളുടെ വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചതായാണു വിവരം. ഈ രണ്ടു പരിപാടികളുടെയും സംഘാടകന്‍ സംസ്ഥാന ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന ശിവശങ്കറായിരുന്നു.

    കസ്റ്റംസ് പരിശോധന വിപുലീകരിച്ചതോടെയാണ് 2018ലും 2019ലും നടന്ന രണ്ടു പരിപാടികളിലേക്ക് സംശയമുന നീണ്ടത്. മാത്രമല്ല, പരിപാടികളില്‍ സ്വപ്നാ സുരേഷും അറസ്റ്റിലായ സരിത്തും സജീവമായുണ്ടായിരുന്നു. വിദേശത്ത് നിന്ന് പരിപാടിക്കെത്തിയവരുമായുള്ള ഇവരുടെ പൂര്‍വ ബന്ധവും പരിശോധിക്കുന്നുണ്ട്. ഗ്രീന്‍ ചാനല്‍ സൗകര്യമുള്ളതിനാല്‍ പരിശോധന കൂടാതെ തന്നെ വിദേശത്തുനിന്നുള്ള സാധനങ്ങള്‍ കടത്തിയിട്ടുണ്ടാവുമെന്ന നിഗമനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍.

    2018 മാര്‍ച്ച് 12, 13 തിയ്യതികളിലാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഹാഷ് ഫ്യൂച്ചര്‍ എന്ന ഗ്ലോബല്‍ ഡിജിറ്റല്‍ കോണ്‍ക്ലേവ് നടന്നത്. നിരവധി വിദേശ പ്രതിനിധകളാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്. ഈ സമയം സ്വപ്‌നാ സുരേഷ് യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരിയായിരുന്നു. 2019 ഡിസംബറിലാണ് കൊച്ചിയില്‍ കൊച്ചി ഡിസൈന്‍ വീക്ക് നടന്നത്. ഈ സമയം, സംസ്ഥാന ഐടി വകുപ്പിന്റെ ഭാഗമായാണ് സ്വപ്ന എത്തിയതെന്നാണു വിവരം. സ്വര്‍ണക്കടത്തില്‍ ഉന്നത ബന്ധം കൂടിയുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.


Tags:    

Similar News