സ്വര്‍ണക്കവര്‍ച്ച ആസൂത്രണക്കേസ്; സൂഫിയാന്റെ സഹോദരന്‍ ഇജാസ് പിടിയില്‍

കൊടുവള്ളി സ്വദേശി ഇജാസ് (26) ആണ് പിടിയിലായത്. ചെര്‍പ്പുളശ്ശേരി സംഘവുമായി കൊടുവള്ളിയിലെ ടീമിനെ ബന്ധപ്പെടുത്തി നല്‍കിയത് ഇജാസാണെന്നാണ് പോലിസിന്റെ അനുമാനം.

Update: 2021-06-26 09:06 GMT

കോഴിക്കോട്: സ്വര്‍ണക്കവര്‍ച്ച ആസൂത്രണ കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. കൊടുവള്ളി സ്വദേശി ഇജാസ് (26) ആണ് പിടിയിലായത്. ചെര്‍പ്പുളശ്ശേരി സംഘവുമായി കൊടുവള്ളിയിലെ ടീമിനെ ബന്ധപ്പെടുത്തി നല്‍കിയത് ഇജാസാണെന്നാണ് പോലിസിന്റെ അനുമാനം. കേസിലെ പ്രധാനിയെന്ന് പോലിസ് അവകാശപ്പെടുന്ന സൂഫിയാന്റെ സഹോദരനാണ് അറസ്റ്റിലായ ഇജാസ്.

അതേസമയം, അറസ്റ്റിലായ ഇജാസ് തനിക്കെതിരായ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത് മറ്റൊരാളെ കൊണ്ടുവരാനായിരുന്നു എന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞത്. ഇജാസിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അതിനിടെ ചെര്‍പ്പുളശ്ശേരി സ്വദേശികളായ ക്വട്ടേഷന്‍ സംഘത്തില്‍ അറസ്റ്റിലായ എട്ടു പേരില്‍ അഞ്ച് പേരെ കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരെ ഒരു രാത്രി മുഴുവന്‍ ചോദ്യം ചെയ്തു. മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ചോദ്യം ചെയ്യല്‍ തുടരും. ഇവരെ തെളിവെടുപ്പിനായി സംഘര്‍ഷമുണ്ടായി എന്ന് പറയുന്ന ന്യൂമാന്‍ ജങ്ഷ്‌നിലും അപകടമുണ്ടായ രാമനാട്ടുകരയിലും എത്തിക്കും.