ചെറിയാന്‍ ഫിലിപ്പിന്റെ ഖാദി ബോർഡ് നിയമനം റദ്ദാക്കി

നെതര്‍ലാന്റില്‍ പോയി പഠിച്ചതിന്റെ തുടര്‍ നടപടികള്‍ എന്തെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രിയുടെ പേരു പറയാതെയായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ വിമര്‍ശനം.

Update: 2021-10-20 12:15 GMT

തിരുവന്തപുരം: ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഖാദി ബോർഡ് നിയമനം റദ്ദാക്കി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള നിയമന ഉത്തരവാണ് റദ്ദാക്കിയത്. ശോഭനാ ജോര്‍ജ് രാജിവച്ച ഒഴിവിലേക്കായിരുന്നു ചെറിയാന്‍ ഫിലിപ്പിനെ നിയമിച്ചത്. സർക്കാരിനെതിരേ കഴിഞ്ഞ ദിവസം ചെറിയാൻ ഫിലിപ്പ് രം​ഗത്തുവന്നതിന് പിന്നാലെയാണ് നടപടിയെന്നത് ശ്രദ്ധേയമാണ്.

നേരത്തെ നിയമന ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ഖാദി ബോർഡ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ സർക്കാരിനെതിരേ കടുത്ത ഭാഷയില്‍ ചെറിയാന്‍ ഫിലിപ് വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു.

നെതര്‍ലാന്റില്‍ പോയി പഠിച്ചതിന്റെ തുടര്‍ നടപടികള്‍ എന്തെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രിയുടെ പേരു പറയാതെയായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ വിമര്‍ശനം. ദുരന്തം വന്ന ശേഷം ദുരിതാശ്വാസ ക്യാംപില്‍ പോയി കണ്ണീര്‍ പൊഴിക്കുന്നത് ജനവഞ്ചനയെന്നും ചെറിയാന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടു. ആദ്യമായിട്ടായിരുന്നു ഇടതു സര്‍ക്കാരിനെതിരേ ചെറിയാന്‍ ഫിലിപ്പ് ഇത്ര രൂക്ഷമായ ഭാഷയില്‍ രംഗത്ത് വന്നത്.

2006 ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് കെടിഡിസി ചെയര്‍മാനായിരുന്ന ചെറിയാന്‍ ഫിലിപ്പ്, ഒന്നാം പിണറായി സര്‍ക്കാരിന് കീഴില്‍ നവകേരള മിഷന്‍ കോഓര്‍ഡിനേറ്ററുമായിരുന്നു. അതേസമയം, അടിയൊഴുക്കുകള്‍ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയുമായി മുന്നോട്ട് പോവുകയാണ് എന്നും അതിനാല്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പ് സ്ഥാനം നിരസിച്ച് നല്‍കിയ വിശദീകരണം.