കർണാടകയില്‍ നാഥുറാം ഗോഡ്സെയുടെ പേരിൽ റോഡ‍്; വിവാദമായപ്പോൾ കേസെടുത്തു

സംഭവം വിവാദമായതോടെ ഗോഡ്സെയുടെ പേരെഴുതിയ ബോര്‍ഡ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്തു.

Update: 2022-06-06 17:00 GMT

ബം​ഗളൂരു: കർണാടകയില്‍ റോഡിന് ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ പേരിട്ടത് വിവാദത്തില്‍. ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കില്‍ പുതിയതായി നിര്‍മിച്ച റോഡിനാണ് ഗോഡ്‌സെയുടെ പേരിട്ടിരിക്കുന്നത്. ബോലോ ഗ്രാമ പഞ്ചായത്തിലെ പാതയോരത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. 'പദുഗിരി നാഥുറാം ഗോഡ്സെ റോഡ്' എന്നാണ് ബോര്‍ഡില്‍ എഴുതിയിരുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ ഇതിന്‍റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ ഗോഡ്സെയുടെ പേരെഴുതിയ ബോര്‍ഡ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്തു. അധികൃതരുടെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കര്‍ണാടക ഊര്‍ജ മന്ത്രി വി സുനില്‍ കുമാറിന്റെ മണ്ഡലത്തില്‍പ്പെടുന്നതാണ് കാര്‍ക്കള താലൂക്ക്. ഇത് സ്ഥാപിച്ചത് സര്‍ക്കാരോ പഞ്ചായത്ത് അധികൃതരോ അല്ലെന്ന് മന്ത്രി പറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി.