മസ്‌കിന്റെ ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവച്ച് ജനറല്‍ മോട്ടോര്‍സ്

Update: 2022-10-29 05:36 GMT

വാഷിങ്ടണ്‍: ഇലോണ്‍ മസ്‌ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ ബിസിനസ് എതിരാളിയുടെ സ്ഥാപനത്തിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി ജനറല്‍ മോട്ടോര്‍സ്. താല്‍ക്കാലികമായാണ് പണമടച്ചുള്ള പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയതെന്നാണ് റിപോര്‍ട്ട്. ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ ടെസ്‌ലയ്ക്ക് ഒപ്പമെത്താന്‍ പ്രയത്‌നിക്കുകയാണ് ജനറല്‍ മോട്ടോര്‍സ്. ട്വിറ്ററിന് വരാന്‍ പോവുന്ന മാറ്റങ്ങള്‍ കണ്ട ശേഷമാവും പരസ്യം നല്‍കണമോയെന്ന കാര്യത്തില്‍ തീരുമാനമാവൂ എന്നാണ് ജനറല്‍ മോട്ടോര്‍സ് വ്യക്തമാക്കുന്നത്.

ഇലോണ്‍ മസ്‌കിന്റെ പുതിയ നേതൃത്വം ട്വിറ്ററിനെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് നിരവധി ആശങ്കകള്‍ ഉയരുന്നതിന് ഇടയിലാണ് ജനറല്‍ മോട്ടോര്‍സിന്റെ പ്രഖ്യാപനം. നിര്‍ണായകമായ നിരവധി മാറ്റങ്ങള്‍ പുതിയ ഉടമയ്ക്ക് കീഴിലുണ്ടാവുമെന്നാണ് വിലയിരുത്തല്‍. അവയെന്തെന്ന് വ്യക്തമായ ശേഷമാവും പരസ്യകാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ജനറല്‍ മോട്ടോര്‍സ് വക്താവ് ഡേവിഡ് ബര്‍ണാസ് വ്യക്തമാക്കി. ട്വിറ്ററുമായി തങ്ങളുടെ കസ്റ്റമര്‍ കെയര്‍ വിഭാഗം നിരന്തര സമ്പര്‍ക്കത്തിലാണെന്നും അത് തുടരുമെന്നും ഡേവിഡ് ബര്‍ണാസ് കൂട്ടിച്ചേര്‍ത്തു.

ജനറല്‍ മോട്ടോര്‍സിന്റെ മൊത്തം പരസ്യബജറ്റിന്റെ എത്ര ശതമാനം ട്വിറ്ററിനായി നീക്കിവച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. ഫോര്‍ഡ്, ജിഎം, സ്‌റ്റെല്ലാന്റിസ്, പോര്‍ഷെ, വിഡബ്ല്യു, വോള്‍വോ എന്നിവയെല്ലാം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ടുകളുള്ള വാഹന നിര്‍മാതാക്കളാണ്. ട്വിറ്ററിനെ ഔദ്യോഗികമായി സ്വന്തമാക്കി മണിക്കൂറുകള്‍ക്ക് പിന്നാലെ തലപ്പത്ത് ഇലോണ്‍ മസ്‌ക് വന്‍ അഴിച്ചുപണി നടത്തിയിരുന്നു. ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പരാഗ് അഗ്രവാള്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ മസ്‌ക് പുറത്താക്കിയിരുന്നു. എന്നാല്‍, ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ തടസ്സം സൃഷ്ടിച്ചവരെയാണ് പുറത്താക്കുന്നതെന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ വക്താക്കളുടെ വാദം.

Tags:    

Similar News