പെണ്‍കുട്ടികളുടെ ആത്മഹത്യാശ്രമം; ലൈംഗിക പീഡനത്തിനു മൂന്നു യുവാക്കള്‍ അറസ്റ്റില്‍

പ്രതികള്‍ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നാലാം പ്രതിയെ കണ്ടെത്താന്‍ പോലിസ് ഊര്‍ജ്ജിത നീക്കം നടത്തുന്നുണ്ട്.

Update: 2020-06-27 11:11 GMT

മുണ്ടക്കയം: കൗമാരക്കാരികളായ രണ്ടു പെണ്‍കുട്ടികള്‍ വിഷം കഴിച്ച ശേഷം ആറ്റില്‍ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ മൂന്നു യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനം പുറത്തറിയുമെന്നു കരുതിയാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന പോലിസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആശുപത്രിയില്‍ കഴിയുന്ന ഒരു പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുണ്ടക്കയം, എരുമേലി സ്വദേശികളായ മഹേഷ്, അനന്തു, രാഹുല്‍ രാജ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാവാനുണ്ടെന്നാണു പോലിസ് നല്‍കുന്ന സൂചന.

    ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പതിനഞ്ചുകാരിയും സുഹൃത്തായ പെണ്‍കുട്ടിയും വിഷം കഴിച്ച ശേഷം മണിമലയാറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ ഇരുവരെയും രക്ഷിച്ച് കരയ്‌ക്കെത്തിക്കുകയായിരുന്നു. വീട്ടുകാര്‍ വഴക്കു പറഞ്ഞതിനാണ് മരിക്കാന്‍ ശ്രമിച്ചതെന്നാണു കുട്ടികള്‍ ആദ്യം പറഞ്ഞത്. എന്നാല്‍, മൊഴികളിലെ വൈരുധ്യം കാരണം പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഒരു പെണ്‍കുട്ടി പീഡനത്തിനിരയായതായി സൂചന ലഭിച്ചത്. മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചു. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചതോടെ മറ്റൊരു പെണ്‍കുട്ടിയെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യംചെയ്യലിലാണ് അറസ്റ്റിലായവര്‍ ഉള്‍പ്പെടെ നാലുപേര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലയിടങ്ങളിലുമെത്തിച്ച് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയത്. ഇക്കാര്യം പുറത്തറിയുമെന്നു ഭയന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും പെണ്‍കുട്ടി മൊഴിനല്‍കി. 2016 മുതല്‍ പീഡനം നടക്കുന്നതായാണ് പോലിസ് വിവരം. പ്രതികള്‍ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നാലാം പ്രതിയെ കണ്ടെത്താന്‍ പോലിസ് ഊര്‍ജ്ജിത നീക്കം നടത്തുന്നുണ്ട്.

Mundakkayam Girls' suicide attempts; Three youths arrested for sexual harassment






Tags:    

Similar News