കാറിനകത്ത് യുവതിക്ക് മര്‍ദ്ദനം; മുന്‍ മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിന്റെ മകന്‍ അറസ്റ്റില്‍

മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സനല്‍ സ്റ്റാഫിന്റെ മകനാണ് അറസ്റ്റിലായ അശോക്.

Update: 2021-06-27 07:19 GMT

തിരുവനന്തപുരം: മദ്യലഹരിയില്‍ യുവതിയെ കാറിനകത്തുവച്ച് ക്രൂരമായി മര്‍ദ്ദിച്ച മുന്‍ മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിന്റെ മകന്‍ അറസ്റ്റില്‍. പാറ്റൂര്‍ സ്വദേശിയും വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനുമായ അശോകാണ് മ്യൂസിയം പോലിസിന്റെ പിടിയിലായത്.കഴിഞ്ഞദിവസം രാത്രി 8.30ന് ലോ കോളജ് ജങ്ഷനിലായിരുന്നു സംഭവം. മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സനല്‍ സ്റ്റാഫിന്റെ മകനാണ് അറസ്റ്റിലായ അശോക്. പരാതിക്കാരിയായ ടെക്‌നോപാര്‍ക്കിലെ ജീവനക്കാരി അശോകിന്റെ സുഹൃത്താണ്. ഏറെ നാളുകള്‍ക്ക് ശേഷം യുവതിയെ കാണാന്‍ വന്നതാണ് സുഹൃത്തായ അശോക്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നു.

ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇയാള്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ ഇയാള്‍ പെണ്‍കുട്ടിയെ കാറില്‍ നിന്നിറക്കി നാട്ടുകാരുടെ മുന്നില്‍വച്ചും മര്‍ദ്ദിച്ചു. ഇതോടെ നാട്ടുകാരും യുവാവും തമ്മില്‍ വാക്കേറ്റമുണ്ടായി.

അഭിഭാഷകനാണെന്നും മുന്‍ മന്ത്രിയുടെ സ്റ്റാഫിന്റെ മകനാണെന്നും പറഞ്ഞ് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ അനുവദിച്ചില്ല. സ്‌കൂട്ടറിലെത്തിയ രണ്ട് യുവതികള്‍ സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. ഒടുവില്‍ മ്യൂസിയം പോലിസെത്തി യുവാവിനെയും പെണ്‍കുട്ടിയെയും സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ മൂക്കില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് ഇരുവരെയും മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കി. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കല്‍, സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.