പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു

Update: 2024-02-26 12:18 GMT

ന്യൂഡല്‍ഹി: പ്രശസ്ത ഗസല്‍ ഗായകന്‍ പത്മശ്രീ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസ്സായിരുന്നു. ഏറെക്കാലമായി ചികില്‍സയിലായിരുന്ന ഉദാസ് തിങ്കളാഴ്ച രാവിലെ 11ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് മരണപ്പെട്ടത്. മകള്‍ നയാബ് ഉദാസ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മരണവിവരം അറിയിച്ചത്. 'ചിട്ടി ആയി ഹെ' പോലുള്ള എക്കാലത്തെയും മികച്ച ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടംപിടിച്ച ഗായകനാണ് പങ്കജ് ഉദാസ്. 1986ല്‍ പുറത്തിറങ്ങിയ 'നാം' എന്ന ചിത്രത്തില്‍ പിന്നണി ഗായകനായാണ് ബോളിവുഡിലെത്തിയത്. ഗുജറാത്തിലെ ചര്‍ഖ്ഡി എന്ന ഗ്രാമത്തില്‍ ജനിച്ച പങ്കജിന്റെ മൂത്ത സഹോദരന്‍ മന്‍ഹര്‍ ഉദാസ് നേരത്തെ ബോളിവുഡില്‍ സാന്നിധ്യമറിയിച്ചിരുന്നു. പിന്നണി ഗാനരംഗത്തേക്കാള്‍ ഗസലുകള്‍ക്ക് പ്രാധാന്യം കൊടുത്താണ് പങ്കജ് ശ്രദ്ധ നേടിയത്. ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാല്‍ എന്ന ഗാനത്തോടെയാണ് പങ്കജിനെ ഗസല്‍ ലോകം ശ്രദ്ധിച്ചുതുടങ്ങുന്നത്. മുംബൈയില്‍ സെന്റ് സേവിയേഴ്‌സ് കോളജിലെ പഠനമാണ്

    പങ്കജിന്റെ പ്രതിഭയെ വളര്‍ത്തിയത്. പിന്നീട് രാജാകോട്ട് സംഗീത നാടക അക്കാദമിയില്‍ നിന്ന് തബല അഭ്യസിച്ചു. മാസ്റ്റര്‍ നവരംഗിന്റെ കീഴില്‍ ശാസ്ത്രീയ സംഗീതവും പഠിച്ചു. ഉഷ ഖന്ന ഈണമിട്ട കാംനയിലാണ് ആദ്യമായി പിന്നണി ഗാനം പാടിയത്. ചിത്രം പരാജയമായതോടെയാണ് ഗസലിലേക്ക് പൂര്‍ണമായും തിരിഞ്ഞത്. ഇതിനുവേണ്ടി ഉറുദു പഠിക്കുകയും പിന്നീട് കാനഡയിലേയ്ക്ക് പോവുകയും ചെയ്തു. പത്ത് മാസം കാനഡയിലും യു എസിലും ഗസല്‍ രംഗത്ത് നിലയുറപ്പിച്ച ശേഷമാണ് ഇന്ത്യയിലേയ്ക്ക് തിരിച്ചുവരുന്നത്. 1980ല്‍ ആഹത് എന്ന ആദ്യ ഗസല്‍ ആല്‍ബത്തോടെ തന്നെ പങ്കജ് ഉദാസ് തന്റെ വരവറിയിച്ചു. പിന്നീടങ്ങോട്ട് ഗസല്‍ മഴ തീര്‍ത്ത് പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറുകയായിരുന്നു.

    സൈഗളിനും ജഗജിത്ത് സിങ്ങിനും തലത്ത് മുഹമ്മദിനുമെല്ലാം ഒപ്പം സമാനതകളില്ലാത്ത ആലാപനശൈലിയുമായ ഇന്ത്യന്‍ ഗസലിന്റെ മുഖമായി പങ്കജ് ഉദാസ് മാറി. ചുപ്‌കെ ചുപ്‌കെ, യുന്‍ മേരെ ഖാത്ക, സായ ബാങ്കര്‍, ആഷിഖോന്‍ നെ, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ്‌ക ഗര്‍, ക്യാ മുജ്‌സെ ദോസ്തി കരോഗെ, മൈഖാനെ സേ, ഗൂന്‍ഗാത്, പീനെ വാലോ സുനോ, റിഷ്‌തെ ടൂതെ, ആന്‍സു തുടങ്ങി ഇന്നും ഗസല്‍പ്രേമികളുടെ നാവിന്‍തുമ്പത്തുള്ള ഗാനങ്ങളെല്ലാം പങ്കജ് ഉദാസിന്റെ സ്വരമാധുരിയില്‍ പിറന്നതാണ്. സംഗീതത്തിനു നല്‍കിയ സംഭാവനതകള്‍ പരിഗണിച്ച് 2006ല്‍ രാജ്യം പങ്കജ് ഉദാസിന് പദ്മശ്രീ നല്‍കി ആദരിച്ചു.

Tags:    

Similar News