ഇസ്‌ലാമോഫോബിയയും വംശീയതയും ചെറുക്കുമെന്ന് ജര്‍മന്‍ സര്‍ക്കാര്‍

Update: 2022-12-09 04:40 GMT

ബെര്‍ലിന്‍: ഇസ്‌ലാമോഫോബിയയും വംശീയതയും ചെറുക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫെയ്‌സര്‍. ജര്‍മന്‍ അധികാരികളും മുസ്‌ലിം സമുദായത്തിന്റെ പ്രതിനിധികളും പങ്കെടുക്കുന്ന സംവാദ പരിപാടിയായ ജര്‍മന്‍ ഇസ്‌ലാം കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ഫെയ്‌സര്‍. ജര്‍മനിയില്‍ ഓരോ ദിവസവും നിരവധിയാളുകള്‍ വംശീയത നേരിടുന്നു. മുസ്‌ലിംകള്‍ ഇരട്ട വംശീയതയാണ് അനുഭവിക്കുന്നത്. ഇസ്‌ലാമിക മതത്തില്‍പ്പെട്ടവരായതുകൊണ്ട് അവര്‍ പലപ്പോഴും ശത്രുതയും തിരസ്‌കരണവും നേരിടുന്നു. മാത്രമല്ല, കുടിയേറ്റ പശ്ചാത്തലമുള്ള ആളുകളെന്ന നിലയിലും അവര്‍ വിവേചനം നേരിടുകയാണെന്ന് ഫെയ്‌സര്‍ പറഞ്ഞു.

വംശീയതയെയും ഇസ്‌ലാമോഫോബിയയെയും ചെറുക്കുന്നതിന് സര്‍ക്കാര്‍ കൂട്ടായ നടപടികള്‍ സ്വീകരിക്കും. ജര്‍മന്‍ സമൂഹത്തില്‍ മുസ്‌ലിംകളുടെ ഏകീകരണവും ശക്തമായ പങ്കാളിത്തവും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പ്രോജക്ടുകളെ പിന്തുണയ്ക്കുമെന്നും ഫെയ്‌സര്‍ വാഗ്ദാനം ചെയ്തു. ജര്‍മന്‍ ഇസ്‌ലാം കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ആഭ്യന്തര മന്ത്രാലയം പുതിയ സമീപനം സ്വീകരിക്കും. അത് രാജ്യത്തെ മുസ്‌ലിംകളുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വിശാലമായ പങ്കാളിത്തം ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു.

84 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യമായ ജര്‍മനി, ഫ്രാന്‍സിന് ശേഷം പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏകദേശം അഞ്ച് ദശലക്ഷം മുസ്‌ലിംകള്‍ താമസിക്കുന്ന സ്ഥലമാണിത്. അഭയാര്‍ഥി പ്രതിസന്ധി മുതലെടുക്കുകയും കുടിയേറ്റക്കാരെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെയും പാര്‍ട്ടികളുടെയും പ്രചാരണത്തിന് ആക്കം കൂട്ടുന്ന വംശീയതയ്ക്കും ഇസ്‌ലാമോഫോബിയയ്ക്കും രാജ്യം സമീപ വര്‍ഷങ്ങളില്‍ സാക്ഷ്യം വഹിച്ചിരുന്നു.

ജര്‍മനിയില്‍ 2021ല്‍ കുറഞ്ഞത് 662 ഇസ്‌ലാമോഫോബിക് വിദ്വേഷ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ 46ലധികം പള്ളികള്‍ ആക്രമിക്കപ്പെട്ടു. മുസ്‌ലിം വിരുദ്ധ അക്രമത്തിന്റെ ഫലമായി കുറഞ്ഞത് 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Tags:    

Similar News