ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് കേരളത്തിലും; ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: ജനിതക വ്യതിയാനം വന്ന കൊവിഡ് വൈറസ് കേരളത്തിലും കണ്ടെത്തി. ആറ് പേരിലാണ് ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂര്‍-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു
ഇവര്‍ ആറു പേരും ആശുപത്രികളില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. രോഗികളുമായി ഇടപെട്ടവരേയും നിരീക്ഷിക്കും. അതിതീവ്ര വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്ന് വന്നവരുമായി സമ്പര്‍ക്കമുണ്ടായവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
യുകെയില്‍ നിന്ന് വന്നവരിലാണ് ഇപ്പോള്‍ അതിതീവ്ര വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളില്‍ പോയി വന്നിട്ടുള്ളവരില്‍ അതിതീവ്ര വൈറസ് സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കും. 29 പേരുടെ സാംപിളുകളാണ് ഇത് വരെ അയച്ചത്. അതില്‍ 11 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ പരിശോധന ഫലം ഇനിയും കിട്ടാനുണ്ട് . അത് നാളെയോ മറ്റോ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. തീവ്രവ്യാപന ശേഷിയുളള്ളതാണ് പുതിയ വൈറസ്. കഴിഞ്ഞ ദിവസങ്ങളില്‍ യുകെയില്‍നിന്ന് തിരിച്ചെത്തിയവര്‍ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണം. വിമാനത്താവളങ്ങളിലെ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തും. ആശങ്ക വേണ്ട, പക്ഷേ ജാഗ്രത വേണം. മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ പിന്തുടരുക. പുതിയ വൈറസും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. വൈറസ് സ്ഥിരീകരിച്ച ജില്ലകലക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.