ഭാവി നിര്‍ണയിക്കുന്ന വിധിയെഴുത്തിനൊരുങ്ങി ബ്രിട്ടന്‍

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ബോറിസ് ജോണ്‍സനും ലേബര്‍ പാര്‍ട്ടിയുടെ ജെറമി കോര്‍ബിനും തമ്മിലാണ് പ്രധാന മത്സരം. പ്രാദേശിക സമയം രാവിലെ ഏഴു മുതല്‍ രാത്രി പത്ത് വരെയാണ് വോട്ടെടുപ്പ്.

Update: 2019-12-12 03:01 GMT

ലണ്ടന്‍: ബ്രിട്ടനില്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഇന്നു നടക്കും. ബ്രെക്‌സിറ്റിന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പിനാണ് ബ്രിട്ടന്‍ വേദിയാവുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ബോറിസ് ജോണ്‍സനും ലേബര്‍ പാര്‍ട്ടിയുടെ ജെറമി കോര്‍ബിനും തമ്മിലാണ് പ്രധാന മത്സരം. പ്രാദേശിക സമയം രാവിലെ ഏഴു മുതല്‍ രാത്രി പത്ത് വരെയാണ് വോട്ടെടുപ്പ്.

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജനുവരി അവസാനം ബ്രെക്‌സിറ്റ് നടപ്പിലാക്കും എന്നാണ് ബോറിസ് ജോണ്‍സന്റെ വാഗ്ദാനം. എന്നാല്‍, ലേബര്‍ പാര്‍ട്ടിയെ വിജയിപ്പിച്ചാല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തു പോകണമോ എന്ന കാര്യത്തില്‍ ഒരിക്കല്‍ കൂടി ജനഹിത പരിശോധന നടത്തുമെന്നാണ് ജെറമി കോര്‍ബിന്റെ വാഗ്ദാനം.

നാലര വര്‍ഷത്തിനിടെ മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നത്. ബ്രക്‌സിറ്റ് നടപ്പാക്കുന്നതിലെ പരാജയമാണ് അടിക്കടിയുള്ള തിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിച്ചത്. ഒക്ടോബര്‍ 31ന് ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബ്രെക്‌സിറ്റ് കരാറിന് പാര്‍ലമെന്റിന്റെ അംഗീകാരം വാങ്ങുന്നതില്‍ പരാജയപ്പെട്ട തെരേസ മേ കഴിഞ്ഞ ജൂലൈയിലാണ് രാജി വെച്ചത്.

650 അംഗ ജനസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷമായ 320 സീറ്റ് നേടിയാല്‍ മാത്രമേ ജോണ്‍സണ് അധികാരത്തിലെത്താനാകാവൂ. അല്ലെങ്കില്‍ മറ്റ് കക്ഷികളുടെ പിന്തുണയോടെ ജെറമി കോര്‍ബിന് സര്‍ക്കാരുണ്ടാക്കാന്‍ അവസരമുണ്ടായേക്കും. കുടിയേറ്റ വിരുദ്ധ വികാരം ഉണര്‍ത്തിക്കൊണ്ടായിരുന്നു ജോണ്‍സന്റെ പ്രധാന പ്രചരണം. എന്നാല്‍ സര്‍വ്വേ ഫലങ്ങള്‍ പലതും എതിരായത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ തന്നെ വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലും റഷ്യ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കായി പണമിറക്കിയെന്ന ആരോപണവും പ്രചരണ സമയത്ത് വിവാദമായിരുന്നു. ബ്രെക്‌സിറ്റിനു പുറമെ ബ്രട്ടന്‍ സാമ്പത്തിക രംഗം, ആരോഗ്യ മേഖല, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയാണ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പോവുന്ന പ്രധാന ഘടകങ്ങള്‍.

ബ്രെക്‌സിറ്റില്‍ കൈപൊള്ളി അധികാരം ഒഴിഞ്ഞ ഡേവിഡ് കാമറോണ്‍, തെരേസ മെയ് എന്നിവര്‍ക്കു ശേഷം അധികാരത്തിലേറിയ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്റെ വലതുപക്ഷ മുഖമാണ്. താന്‍ അധികാരത്തിലേറിയാല്‍ 2020 ജനുവരി 31 ഓടെ ബ്രെക്‌സിറ്റ് നിലവില്‍ വരുമെന്നും ബ്രിട്ടന്‍ പൂര്‍ണ്ണമായും സ്വതന്ത്രമാകുമെന്നാണ് ജോണ്‍സന്റെ വാഗ്ദാനം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ കൂടാതെ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി, ഡെമോക്രാറ്റിക് യൂനിയനികക്‌സ് പാര്‍ട്ടി, സെന്‍ട്രലിസ്റ്റ് ലിബറല്‍ ഡെമോക്രാറ്റ്‌സ് എന്നീ പാര്‍ട്ടികളാണ് മത്സര രംഗത്തുള്ളത്.

Tags:    

Similar News