സംയുക്ത സേനാധിപനായി ബിപിന്‍ റാവത്തിനെ നിയമിച്ചേക്കും; പ്രഖ്യാപനം അടുത്താഴ്ച
കര, നാവിക, വ്യോമ സേനാ മേധാവികളുടെ സംയുക്ത സമിതിയായ ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്താനിരുന്ന ചടങ്ങ് മാറ്റിവച്ചിരുന്നു.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പുതുതായി രൂപം നല്‍കിയ സംയുക്ത സേനാധിപന്‍ (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് -സിഡിഎസ്) പദവിയില്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം അടുത്ത അഴ്ച ഉണ്ടാവുമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കര, നാവിക, വ്യോമ സേനാ മേധാവികളുടെ സംയുക്ത സമിതിയായ ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്താനിരുന്ന ചടങ്ങ് മാറ്റിവച്ചിരുന്നു. മൂന്നു മേധാവികളില്‍ ഏറ്റവും മുതിര്‍ന്നയാളെന്ന നിലയില്‍ റാവത്താണു കമ്മിറ്റിയുടെ അധ്യക്ഷന്‍. ഈ മാസം 31നു കരസേനയില്‍ നിന്നു വിരമിക്കുന്ന സാഹചര്യത്തില്‍ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്ങിനു റാവത്ത് കൈമാറുന്ന ചടങ്ങാണ് നിശ്ചയിച്ചിരുന്നത്.
എന്നാല്‍, ചടങ്ങ് 31ലേക്കു മാറ്റുകയായിരുന്നു. സിഡിഎസ് പദവിയില്‍ റാവത്ത് നിയമിതനായാല്‍, കമ്മിറ്റിയുടെ അധ്യക്ഷനായി അദ്ദേഹത്തിനു തുടരാനാവും. റാവത്ത് സിഡിഎസ് ആകുമെന്നതിന്റെ സൂചനയാണു ചടങ്ങ് അവസാന നിമിഷം മാറ്റിയതെന്നു പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.
ഇതിനിടെ, ഏറെ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ക്കെതിരേ റാവത്ത് നടത്തിയ പരാമര്‍ശത്തെ ചൊല്ലിയുള്ള വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സേനാ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ ഇടപെടലോ പരാമര്‍ശമോ നടത്തരുതെന്ന കരസേനാ ചട്ടത്തിലെ വ്യവസ്ഥയ്ക്കു വിരുദ്ധമാണു റാവത്തിന്റേതെന്ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം കുറ്റപ്പെടുത്തിയിരുന്നു.
