ബാലുശ്ശേരി സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം പദ്ധതി ഉദ്ഘാടനം ഇന്ന്; പ്രതിഷേധവുമായി എംഎസ്എഫ്
യൂനിഫോമിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ആശങ്കയില്ലെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്
കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി ജെൻഡർ ന്യൂട്രൽ യൂനിഫോം പദ്ധതി നടപ്പാക്കുന്ന ബാലുശ്ശേരി ഹയർസെക്കഡറി സ്‌കൂളിനു മുന്നിൽ എംഎസ്എഫ് ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധം. വസ്ത്രസ്വാതന്ത്രത്തിനെതിരെയുള്ള കടന്നു കയറ്റമാണ് പദ്ധതി എന്നാരോപിച്ചാണ് പ്രതിഷേധം നടത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നടത്താൻ ഇരിക്കെയാണ് പ്രതിഷേധം.
സ്‌കൂളിൽ പ്ലസ്‌വൺ പ്രവേശനം നേടിയ 260 ഓളം വിദ്യാർഥികളാണ് ഇന്ന് മുതൽ ഏകികൃത വേഷത്തിൽ സ്‌കൂളിൽ എത്തുന്നത്. വസ്ത്രത്തിലെ തുല്യത എന്ന സന്ദേശവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്നലെ കുറച്ചു കുട്ടികൾ സ്‌കൂളിൽ പുതിയ യൂനിഫോമിൽ എത്തിയതോടെയാണ് എംഎസ്എഫ് പ്രതിഷേധവുമായി എത്തിയത്. ആൺകുട്ടികളുടെ വസ്ത്രധാരണ രീതി പെൺകുട്ടികളിൽ അടിച്ചേൽപ്പിക്കുകയാണ് എന്നതായിരുന്നു ആരോപണം.
എന്നാൽ യൂനിഫോമിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ആശങ്കയില്ലെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. പ്രതിഷേധങ്ങൾക്ക് ഇടയിലും മാതൃകാപരമായ തീരുമാനവുമായി മുന്നോട്ട് പോകാൻ ഉറച്ചാണ് വിദ്യാർഥികളും അധ്യാപകരും.