വിദഗ്ധ സമിതി അംഗങ്ങൾ "കോമൺ സെൻസ്' വാക്സിൻ എടുത്തില്ലേ?; പരിഹസിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
മദ്യ ഷാപ്പുകൾക്ക് മുൻപിൽ നിൽക്കുന്നവർക്ക് ഇല്ലാത്ത നിബന്ധന അരി മേടിക്കാൻ പോകുന്നവർ പാലിക്കണം പോലും!
കോഴിക്കോട്: കടുത്ത കൊവിഡ് നിയസന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിദഗ്ധ സമിതിയെ പരിഹസിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വിദഗ്ധ സമിതി അംഗങ്ങൾ "കോമൺ സെൻസ്' വാക്സിൻ എടുത്തവരല്ലേയെന്ന് മാര്‍ കൂറിലോസ് പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു മാര്‍ കൂറിലോസിന്റെ പ്രതികരണം.
കൊവിഡ് വിദഗ്ധ സമിതി അംഗങ്ങളാരും "കോമൺ സെൻസ്' വാക്സിൻ എടുത്തവരല്ലേ? എത്ര അപ്രായോഗികമാണ് പല നിബന്ധനകളും? മദ്യ ഷാപ്പുകൾക്ക് മുൻപിൽ നിൽക്കുന്നവർക്ക് ഇല്ലാത്ത നിബന്ധന അരി മേടിക്കാൻ പോകുന്നവർ പാലിക്കണം പോലും! വിദഗ്ധ സമിതിയുടെ വൈദഗ്ധ്യം സമ്മതിച്ചേ പറ്റൂ- ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എഫ്ബിയിൽ കുറിച്ചു.
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകിയെങ്കിലും കടകളിൽ പോകാൻ ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. ഒരു ഡോസ് വാക്സിനെടുത്ത് 14 ദിവസം പിന്നിട്ടവർ, കൊവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർ, 72 മണിക്കൂറിനകം ആർടിപിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവർ എന്നിവർക്ക് മാത്രമാണ് വ്യാപാര സ്ഥാപനങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചിരിക്കുന്നത്.
എന്നാൽ ഇളവുകൾ എന്ന പേരിൽ നടപ്പാക്കിയിരിക്കുന്ന കാര്യങ്ങൾ പിഴയൊടുക്കി സർക്കാരിന് ജനങ്ങളെ പിഴിയാനുള്ള അവസരമൊരുക്കലാണെന്ന വിമർശനങ്ങൾ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ നേതാക്കൾ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ അപ്രായോഗിക നയങ്ങൾക്കെതിരേ വ്യാപക വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയരുന്നത്.
