ഇസ്രായേലി വനിതാ സൈനികരെ വിട്ടയക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹമാസ് (വീഡിയോ)

Update: 2025-01-26 04:10 GMT

ഗസ സിറ്റി: തൂഫാനുല്‍ അഖ്‌സയുടെ ഭാഗമായി പിടികൂടിയ നാലു ഇസ്രായേലി വനിതാ സൈനികരെ വിട്ടയക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു ഹമാസ്. ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായ രണ്ടാംഘട്ട ബന്ദിമോചനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

തടവുകാരുടെ മോചനത്തിന് ഹമാസ് തയ്യാറെടുത്തിരുന്നതായി ഫലസ്തീനി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. റെഡ് ക്രോസും ഹമാസും ഒപ്പിട്ട മോചന സര്‍ട്ടിഫിക്കറ്റും സമ്മാനപൊതികളും നല്‍കിയാണ് തടവുകാരെ വിട്ടയച്ചത്. പക്ഷേ, വലിയ ആള്‍ക്കൂട്ടം ചടങ്ങിന് എത്തിയത് ഹമാസിനെ പോലും അല്‍ഭുദപ്പെടുത്തിയെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.



ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡും ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ അല്‍ ഖുദ്‌സ് ബ്രിഗേഡും സംയുക്തമായാണ് തടവുകാരെ മോചിപ്പിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. ഇരുവിഭാഗവും പരസ്പരം ആലിംഗനം ചെയ്യുന്നതും കാണാമായിരുന്നു.


മോചിപ്പിക്കപ്പെട്ട നാലു ഇസ്രായേലി വനിതാ സൈനികരും ഗസയിലെ അറബിക് ഭാഷാഭേദത്തിലാണ് സംസാരിക്കുന്നത്. ഇസ്രായേലി ബോംബാക്രമണത്തില്‍ നിന്ന് സംരക്ഷണം നല്‍കിയതിന് ഒരു യുവതി ഹമാസിന് നന്ദിയും പറഞ്ഞു. ഭക്ഷണവും വെള്ളവും വസ്ത്രവും നല്‍കിയതിന് മറ്റൊരു സൈനികയും നന്ദി പറഞ്ഞു. ഗസയിലെ പ്രതിസന്ധികള്‍ക്കിടയിലും തടവുകാര്‍ അറബിക് പഠിച്ചുവെന്നാണ് ഇത് വ്യക്തമാവുന്നത്.


എന്നാല്‍, സയണിസം ഒരിക്കലും വിജയിക്കില്ലെന്ന് ഹീബ്രുവില്‍ എഴുതിയ ബാനറും ഫലസ്തീന്‍ ചത്വരത്തില്‍ നടന്ന ചടങ്ങിലുണ്ടായിരുന്നു. '' ഗസ ക്രിമിനല്‍ സയണിസ്റ്റുകളുടെ ശവപ്പറമ്പാണ്' തുടങ്ങിയ വാക്യങ്ങള്‍ എഴുതിയ ബാനറുകളുമുണ്ടായിരുന്നു.


വടക്കന്‍ ഗസയില്‍ ഹമാസിനെ പരാജയപ്പെടുത്തിയെന്ന് ഇസ്രായേലി സര്‍ക്കാരിന്റെ പ്രചരണം പൊളിഞ്ഞെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ തന്നെ പറയേണ്ട സ്ഥിതിയും ഇതുണ്ടാക്കി. അല്‍ഖസം ബ്രിഗേഡിന്റെ പ്രത്യേക സായുധവിഭാഗമായ അല്‍ നുഖ്ബയില്‍ നിന്നുള്ളവര്‍ ഇസ്രായേലി നിര്‍മിത ടാവര്‍ തോക്കുകളുമായാണ് ചടങ്ങില്‍ പങ്കെടുത്തത്. അധിനിവേശത്തിന് എത്തിയ ഇസ്രായേലി പ്രത്യേക കമാന്‍ഡോകളില്‍ നിന്ന് പിടിച്ചെടുത്തവയാണ് ഇവ.

Tags: