ഗസ വംശഹത്യ: ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് നല്‍സാര്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളും അധ്യാപകരും

Update: 2024-06-21 11:22 GMT

ഹൈദരാബാദ്: ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രായേലുമായി ബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദിലെ നാഷനല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് (NALSAR) യൂനിവേഴ്‌സിറ്റി ഓഫ് ലോയിലെ വിദ്യാര്‍ഥികളും അധ്യാപകരും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കി. 275 വിദ്യാര്‍ഥികളും 70 പൂര്‍വ വിദ്യാര്‍ത്ഥികളും 12 ഫാക്കല്‍റ്റി അംഗങ്ങളും ഉള്‍പ്പെടെ 362 പേര്‍ ഒപ്പിട്ട കത്താണ് നല്‍കിയത്. ഇസ്രായേലി സര്‍വകലാശാലകളുമായുള്ള നിലവിലുള്ള ബന്ധം വിച്ഛേദിക്കണമെന്നാണ് കത്തിലെ ആവശ്യം. ഫലസ്തീനിനെതിരായ ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ച ഇവര്‍ ടെല്‍ അവീവ് യൂനിവേഴ്‌സിറ്റിയും റാഡ്‌സിനര്‍ സ്‌കൂള്‍ ഓഫ് ലോയുമായുള്ള ബന്ധം ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടു.

    'ഇന്നത്തെ കണക്കനുസരിച്ച് ഗസയില്‍ ഒരു സര്‍വകലാശാല പോലും അവശേഷിക്കുന്നില്ല. ഗസയിലെ എല്ലാ സര്‍വകലാശാലകളും ഇപ്പോള്‍ തവിടുപൊടിയായി. ഫലസ്തീന്‍ ജനതയുടെ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന അവകാശമായ 'അക്കാദമിക് സ്വാതന്ത്ര്യം' സംരക്ഷിക്കുന്നതില്‍ ഇസ്രായേല്‍ സര്‍വകലാശാലകള്‍ പരാജയപ്പെട്ടു. ഇക്കാര്യത്തില്‍ അവര്‍ മൗനത്തിലാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള ഫലസ്തീനികളുടെ മരണത്തില്‍ ഇസ്രായേല്‍ കുറ്റക്കാരാണ്. ഇസ്രായേല്‍ മാരകമായ ആയുധങ്ങള്‍ ആവര്‍ത്തിച്ച് വിന്യസിക്കുക മാത്രമല്ല, സിവിലിയന്മാര്‍ക്ക് നേരെ മനഃപൂര്‍വമായി ആക്രമണം നടത്തുകയും ചെയ്യുന്നുണ്ട്. ജനങ്ങളുടെ മാനുഷിക ആവശ്യങ്ങള്‍ക്ക് ദോഷം വരുത്തരുത്. ഈ പശ്ചാത്തലത്തിലാണ് അക്കാദമിക് സ്ഥാപനങ്ങളുടെ പങ്ക് വിലയിരുത്താനും നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ ഇസ്രായേലി സ്ഥാപനങ്ങളുമായുമുള്ള ബന്ധം വിച്ഛേദിക്കാന്‍ ആഹ്വാനം ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുന്നതെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. നല്‍സാര്‍(NALSAR) രണ്ട് ഇസ്രായേലി സര്‍വ്വകലാശാലകളുമായി ഇന്റര്‍നാഷനല്‍ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാം പ്രകാരമുള്ള ധാരണാപത്രങ്ങള്‍ തുടരുന്നുണ്ട്. റീച്ച്മാന്‍ യൂനിവേഴ്‌സിറ്റിയിലെ റാഡ്‌സൈനര്‍ സ്‌കൂള്‍ ഓഫ് ലോ, ടെല്‍ അവീവ് യൂനിവേഴ്‌സിറ്റിയിലെ ദി ബുച്ച്മാന്‍ സ്‌കൂള്‍ ഓഫ് ലോ എന്നിവയുമായാണ് ധാരണാപത്രം നിലനില്‍ക്കുന്നത്. ആഗോള അക്കാദമികരംഗത്ത് അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതോടൊപ്പം 'അക്കാദമിക് സ്വാതന്ത്ര്യം' എന്നതിലെ പ്രതിബദ്ധതയെയും ഇത് ചൂണ്ടിക്കാട്ടുന്നതായി കത്തില്‍ പറയുന്നു.

Tags: