ഗസയിലെ കൂട്ടക്കൊലയിലും കുലുങ്ങാതെ ഹമാസ്; ഇസ്രായേലിലേക്ക് തൊടുത്തത് 3000 റോക്കറ്റുകള്‍

അത്യാധുനിക ആയുധങ്ങളും പോര്‍ വിമാനങ്ങളും ഉപയോഗിച്ച് ജനവാസ മേഖലയും മാധ്യമ ഓഫിസുകളും അധിനിവേശ സൈന്യം തകര്‍ത്ത് തരിപ്പണമാക്കുമ്പോഴും ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന് പ്രഖ്യാപിച്ച് മുന്നേറുകയാണ് ഹമാസ് പോരാളികള്‍.

Update: 2021-05-16 16:39 GMT

തെല്‍ അവീവ്: ഗസാ മുനമ്പിനെ സയണിസ്റ്റ് സൈന്യം ചോരയില്‍ മുക്കുമ്പോഴും തെല്ലും കുലുങ്ങാതെ ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ്. അത്യാധുനിക ആയുധങ്ങളും പോര്‍ വിമാനങ്ങളും ഉപയോഗിച്ച് ജനവാസ മേഖലയും മാധ്യമ ഓഫിസുകളും അധിനിവേശ സൈന്യം തകര്‍ത്ത് തരിപ്പണമാക്കുമ്പോഴും ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന് പ്രഖ്യാപിച്ച് മുന്നേറുകയാണ് ഹമാസ് പോരാളികള്‍.

2014ലെ ഗസാ യുദ്ധത്തിനുശേഷം ഇസ്രായേലും ഹമാസും തമ്മില്‍ ഇത്രയും ഇത്രയും രൂക്ഷമായ പോരാട്ടം നടക്കുന്നത് ആദ്യമാണ്. ഗസാ മുനമ്പില്‍ ഇതുവരെ കുട്ടികള്‍ ഉള്‍പ്പെടെ 200ഓളം പേരും ഇസ്രായേലില്‍ 10 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

ടെല്‍ അവീവിനെയും മധ്യ ഇസ്രായേലിനെയും ലക്ഷ്യമിട്ട് നടന്ന റോക്കറ്റ് ആക്രമണത്തില്‍ ശനിയാഴ്ച ഒരു ഇസ്രായേലി കൊല്ലപ്പെട്ടിരുന്നു. രണ്ട് ദിവസത്തെ ശാന്തതയ്ക്കു ശേഷം ഇവിടം വീണ്ടും ആക്രമിക്കപ്പെട്ടത് ജനങ്ങളെ ഭയവിഹ്വലരാക്കിയിട്ടുണ്ട്. മധ്യ ഇസ്രായേലിലെ നിരവധി നഗരങ്ങളില്‍ കെട്ടിടങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഇതിനു പിന്നാലെ ഹമാസ് മേധാവിയുടെ ഭവനത്തിനും അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ്സ്, മറ്റ് മാധ്യമങ്ങള്‍ എന്നിവയുടെ ഓഫിസുകള്‍ നിലകൊള്ളുന്ന മീഡിയ ടവറും സയണിസ്റ്റ് സൈന്യം തകര്‍ത്തിരുന്നു. ഗസയില്‍ ഇസ്രായേല്‍ നൂറുകണക്കിന് വ്യോമാക്രമണങ്ങളും നിരവധി ഷെല്ലാക്രമണങ്ങളും നടത്തിയെങ്കിലും അധിനിവേശ സൈന്യത്തിന് ഗസയിലേക്ക് ഇതുവരെ കടന്നുകയറാന്‍ സാധിച്ചിട്ടില്ല. ഗസയില്‍നിന്നു ഹമാസ് പോരാളികള്‍ ഇതുവരെ മൂവായിരത്തോളം റോക്കറ്റുകളാണ് തെല്‍ അവീവിനേയും മധ്യ ഇസ്രായേലിനേയും ലക്ഷ്യമിട്ട് തൊടുത്തത്. ഇതില്‍ ഭൂരിപക്ഷവും ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയണ്‍ഡോം നിര്‍വീര്യമാക്കിയെങ്കിലും പലതും ലക്ഷ്യം കണ്ടത് ഇസ്രായേല്‍ അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്.

ഗസയിലെ ഹമാസ് ലക്ഷ്യങ്ങള്‍ ഏറെക്കുറെ ആക്രമിച്ച് തകര്‍ത്തെന്ന് ഇസ്രായേല്‍ അവകാശപ്പെടുമ്പോഴും ഇസ്രായേലിന്റെ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള റോക്കറ്റുകള്‍ നിര്‍ബാധം അതിര്‍ത്തി കടന്നു വരുന്നത് സൈന്യത്തേയും ഇസ്രായേലി ജനതയേയും ഭയപ്പെടുത്തുന്നുണ്ട്.


Tags:    

Similar News