കോഴിക്കോട് ബാലുശ്ശേരിയില്‍ അദാനി ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച

Update: 2022-10-08 06:43 GMT

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ ഇന്‍ഡ്യന്‍ ഓയില്‍ അദാനി ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച. പിഡബ്ലുഡി വിഭാഗം കുഴിയെടുക്കുമ്പോള്‍ ഗ്യാസ് പൈപ്പ് ലൈനില്‍ തട്ടിയതാണെന്ന് ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി. അഗ്‌നിശമനസേന സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ബാലുശേരി കരുമലയില്‍ പ്രധാന പൈപ്പില്‍ നിന്ന് വീട്ടിലേക്ക് ഉള്ള പൈപ്പിലാണ് ചോര്‍ച്ച ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായിരുന്നു. എന്നാല്‍ ആര്‍ക്കും ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രണ്ട് ഭാഗങ്ങളിലായിട്ടാണ് ചോര്‍ച്ച കണ്ടെത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് പൈപ്പ് ലൈനില്‍ പൊട്ടലുണ്ടായത് കണ്ടെത്തിയത്. ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അഗ്‌നിശമന സേന ഉദ്യോഗസ്ഥരും അധിക!ൃതരും സ്ഥലത്തെത്തിയിരുന്നു. നിയന്ത്രണവിധേയമാക്കിയെന്നും പരിഭ്രാന്തി വേണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.