ദയൂബന്ദ് തീവ്രവാദികളുടെ ഉല്‍ഭവകേന്ദ്രമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

Update: 2020-02-12 13:01 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രസിദ്ധമായ ഇസ് ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ദയൂബന്ദ് തീവ്രവാദികളുടെ ഉല്‍ഭവകേന്ദ്രമാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. കേന്ദ്ര മൃഗസംരക്ഷണ, മല്‍സ്യബന്ധന വകുപ്പ് മന്ത്രിയായ ഗിരിരാജ് സിങ് നേരത്തെയും മുസ് ലിംകള്‍ക്കെതിരേ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയിരുന്നു. ഞാനൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. ദയൂബന്ദ് തീവ്രവാദികളുടെ ഗംഗോത്രിയാണെന്ന്. ഹാഫിസ് സയ്യിദ് അടക്കമുള്ള ലോകത്തിലെ തീവ്രവാദികളെല്ലാം വളര്‍ന്നത് ദയൂബന്ദിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ ദയൂബന്ദ്, പൗരത്വ നിയമ ഭേദഗതിക്കെതിരേ രണ്ടു മാസത്തോളമായി പ്രതിഷേധം നടക്കുന്ന ഡല്‍ഹിയിലെ ശാഹീന്‍ബാഗ് എന്നിവിടങ്ങള്‍ ചാവേറുകളുടെ പ്രജനനകേന്ദ്രമാണെന്നും ഗിരിരാജ് സിങ് പറഞ്ഞു. ഇവര്‍ സിഎഎയ്‌ക്കെതിരേയല്ല, മറിച്ച് ഇന്ത്യയ്‌ക്കെതിരേയാണ് സമരം നടത്തുന്നത്. ഇത് ഒരുതരം ഖിലാഫത്ത് പ്രസ്ഥാനമാണ്. ശാഹീന്‍ബാഗ് സമരം ഒരു പ്രക്ഷോഭമല്ല. ഒരു കൂട്ടം ചാവേറുകളാണ് ഇവിടെ വളരുന്നത്. രാജ്യത്തിനെതിരായ ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നതെന്നും ഗിരിരാജ് സിങ് പറഞ്ഞു. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെയും പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും ബിജെപി നേതാക്കള്‍ 'രാജ്യദ്രോഹികള്‍', 'ദേശവിരുദ്ധര്‍' എന്നാണു വിളിക്കുന്നത്.




Tags: