ഗണേശ ചതുര്‍ഥി: ബെംഗളൂരുവില്‍ മാംസവില്‍പ്പന നിരോധിച്ചു

Update: 2023-09-18 09:34 GMT

ബെംഗളൂരു: ഗണേശ ചതുര്‍ഥി പ്രമാണിച്ച് സപ്തംബര്‍ 18ന് ബെംഗളൂരുവില്‍ മൃഗങ്ങളെ അറുക്കുന്നതും മാംസം വില്‍ക്കുന്നതും നിരോധിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലിക(ബിബിഎംപി) കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ബിബിഎംപിയുടെ മൃഗ ഉപദേശക വിഭാഗമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഏകദേശം 3,000 ലൈസന്‍സുള്ള ഇറച്ചിക്കടകളും മൂന്ന് അംഗീകൃത അറവുശാലകളും ബെംഗളൂരുവിലുണ്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി കടകളുമുണ്ട്. നേരത്തേ, ശ്രീകൃഷ്ണ ജയന്തി ദിനത്തിലും സമാനമായ രീതിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മതവികാരം മാനിക്കാമെന്നു പറഞ്ഞ് വിവിധ ഹിന്ദു ഉല്‍സവ ദിനങ്ങളില്‍ മാംസ നിരോധനം തുടര്‍ക്കഥയാവുകയാണ്. മാംസാഹാര നിരോധനത്തിന് പുറമേ, ഗണേശ ചതുര്‍ഥി ആഘോഷത്തിന് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ (പിഒപി) നിര്‍മ്മിച്ച ഗണേശ വിഗ്രഹങ്ങളുടെ വില്‍പനയ്ക്കും ഉല്‍പ്പാദനത്തിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ഉറപ്പാക്കാന്‍ ഉത്സവം നിരീക്ഷിക്കാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ നടപടിയെടുക്കാനും തീരുമാനിച്ചു. വ്യക്തികളില്‍ നിന്ന് നിര്‍ബന്ധിച്ച് സംഭാവനകള്‍ സ്വീകരിക്കരുതെന്നും സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈന്ദവ ആഘോഷവേളകളില്‍ മാംസവില്‍പ്പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹിന്ദുത്വസംഘടനകള്‍ നേരത്തേ രംഗത്തെത്തിയിരുന്നു.

Tags:    

Similar News