ഗാന്ധിജിയുടെ ചിതാഭസ്മം മോഷ്ടിച്ചു; പോസ്റ്ററില്‍ 'രാജ്യദ്രോഹി' എന്നെഴുതിവച്ചു

നാഥുറാം ഗോഡ്‌സെയെ ആരാധിക്കുന്നവരാണ് ഇതിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Update: 2019-10-03 17:50 GMT

റേവാ: മധ്യപ്രദേശിലെ റേവയിലുള്ള ബാപ്പു ഭവനില്‍ സൂക്ഷിച്ചിരുന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിതാഭസ്മം മോഷ്ടിക്കുകയും ഗാന്ധി ഭവനു പുറത്തെ പോസ്റ്ററില്‍ 'രാജ്യദ്രോഹി'(രാഷ്ട്രദ്രോഹി)യെന്ന് ഹിന്ദിയില്‍ എഴുതിവയ്ക്കുകയും ചെയ്തു. റേവ ജില്ലയിലെ ലക്ഷ്മണ്‍ ബാഗിലെ ബാപ്പു ഭവനിലാണ് അതിക്രമം. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികം ആചരിക്കുന്നതിനിടെയാണ് സംഭവം. ഗാന്ധിജിയുടെ സ്മാരകത്തില്‍ ആദരമര്‍പ്പിക്കാനെത്തിയ കോണ്‍ഗ്രസ് റേവാ ജില്ലാ പ്രസിഡന്റ് ഗുര്‍മീത് സിങും അനുയായികളുമാണ് സംഭവം ആദ്യം കണ്ടത്. ഇദ്ദേഹത്തിന്റെ പരാതിയിന്‍മേല്‍ സെക്്ഷന്‍ 153 ബി, 504, 505 വകുപ്പുകള്‍ പ്രകാരം അജ്ഞാതര്‍ക്കെതിരേ പോലിസ് കേസെടുത്തു. കുറ്റവാളികളെ കണ്ടെത്താന്‍ ഊര്‍ജ്ജിതശ്രമം നടത്തുകയാണെന്നും ബാപ്പു ഭവനിലെയും പരിസരങ്ങളിലെയും സിസിടിവി പരിശോധിക്കുകയാണെന്നും റേവാ ജസൂപ്രണ്ട് ഓഫ് പോലിസ് ആബിദ് ഖാന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്‌സെയെ ആരാധിക്കുന്നവരാണ് ഇതിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


Tags: