ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം;മുല്ലപ്പളളിയെ തളളി ഡീന്‍ കുര്യാക്കോസ് എംപി

റിപോര്‍ട്ട് സാങ്കേതികമായി പ്രസക്തമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് എംപി.

Update: 2019-08-17 17:55 GMT

ഇടുക്കി: മാധവ് ഗാഡ്ഗില്‍ റിപോര്‍ട്ടിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. റിപോര്‍ട്ട് സാങ്കേതികമായി പ്രസക്തമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് എംപി. കനത്തമഴയില്‍ നിരവധിയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടാവുകയും നിരവധി പേര്‍ക്ക് ജീവഹാനി ഉള്‍പ്പെടെ വന്‍ നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍പശ്ചിമഘട്ടമലനിരയുടെ സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നതിനിടെയാണ് ഇടുക്കി എംപിയായ ഡീന്‍ കുര്യാക്കോസിന്റെ പ്രതികരണം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് യുപിഎ സര്‍ക്കാര്‍ തളളിക്കളഞ്ഞതാണ്. പിന്നീട് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതില്‍ സംസ്ഥാനത്തിന്റെ ഭേദഗതികള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.ഏതാനും മാസങ്ങള്‍ക്കകം ഇതില്‍ അന്തിമ തീരുമാനം ഉണ്ടാവുമെന്നും ഡീന്‍ കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, ഗാഡ്ഗില്‍ റിപോര്‍ട്ടിനെ വിമര്‍ശിക്കുന്നവര്‍ ഒരു പ്രാവശ്യമെങ്കിലും അതുവായിക്കാന്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ഗൗരവത്തോടെ പഠന വിധേയമാക്കണം. വരാന്‍ പോകുന്ന മഹാദുരന്തങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡീന്‍ കുര്യാക്കോസിന്റെ വ്യത്യസ്തമായ അഭിപ്രായം. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഇനിയൊരു കടന്നാക്രമണവും കയ്യേറ്റവും അനുവദിക്കരുതെന്നും പശ്ചിമഘട്ട മലനിരകള്‍ നമ്മുടെ നാടിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.




Tags:    

Similar News