മുന്‍ സര്‍ക്കാരിന്റെ വികസനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു; പരസ്യവിമര്‍നവുമായി ജി സുധാകരന്‍

Update: 2023-08-21 04:57 GMT

തിരുവനന്തപുരം: ഒന്നാംപിണറായി സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അത് ശരിയായ രീതിയല്ലെന്നും മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. മന്ത്രി റിയാസിനും പതുമരാമത്ത് വകുപ്പിനുമതിരേ ഫേസ്ബുക്കിലൂടെയായിരുന്നു പരസ്യവിമര്‍ശനം. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ചതും പൂര്‍ത്തിയാക്കിയതുമായ പാലങ്ങളുടെ എണ്ണം ഉള്‍പ്പെടെ കണക്ക് നിരത്തിയാണ് ജി സുധാകരന്‍ രംഗത്തുവന്നത്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ചെയ്യുന്നത് ഓര്‍മിക്കുന്നില്ലെങ്കില്‍ അത് ശരിയായ രീതിയല്ലെന്നും വികസന ചരിത്രത്തെ കാണാതിരിക്കലാണെന്നും അദ്ദേഹം പറയുന്നുണ്ട്. സിപിഎമ്മിലെ വിഭാഗീയതയാണ് സുധാകരന്റെ പരസ്യവിമര്‍ശനത്തിനു കാരമെന്നാണ് വിലയിരുത്തപ്പെടുന്നുണ്ട്. താന്‍ മന്ത്രിയായിരിക്കെ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങളും പോസ്റ്റില്‍ എണ്ണിപ്പറയുന്നുണ്ട്.

ജി സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്:

ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങള്‍ പുനര്‍നിര്‍മ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങള്‍ക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച് പണി ആരംഭിച്ചത്. അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഞാന്‍ നടത്തിയ ആലപ്പുഴയെ പുതുക്കി പണിയുകയെന്ന നിയമസഭ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ പാലങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. 2016വരെ ഈ രണ്ടു പാലങ്ങളിലും ഗതാഗതം അത്യന്തം ദുഷ്‌കരമായിരുന്നു. ആദ്യം കുഴികള്‍ നികത്തി ടൈലിട്ട് പാലങ്ങള്‍ യാത്രായോഗ്യമാക്കി, അതിന് ശേഷമാണ് പിഡബ്ല്യുഡി ഫണ്ട് ഉപയോഗിച്ച് പാലം പൊളിച്ചു പണി ആരംഭിച്ചത്.

    കഴിഞ്ഞ സര്‍ക്കാരില്‍ ഇതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. ഈ സര്‍ക്കാര്‍ വന്ന് 2021ല്‍ തന്നെ പാലം പൂര്‍ത്തിയാക്കേണ്ടത് ആയിരുന്നു, എന്നാല്‍ സ്ഥലമെടുപ്പ്, തുടങ്ങി ചില കാരണങ്ങളാല്‍ നിര്‍മ്മാണം നീണ്ടു പോയി. ഇപ്പോള്‍ പൂര്‍ത്തിയായത് ഏറെ ആശ്വാസകരമാണ്. ഈ രണ്ടു പാലങ്ങള്‍ അടക്കം 8 പാലങ്ങള്‍ ആണ് അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളില്‍ കഴിഞ്ഞ ഗവണ്‍മെന്റിലെ പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ ചെയ്ത് പണം അനുവദിച്ചത്. ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം, നെഹ്‌റു ട്രോഫി, പള്ളാത്തുരുത്തി കൈനകരിപ്പാലം, മുപ്പാലത്തിന് പകരം നാല്‍പ്പാലം, പടഹാരം പാലം, ജില്ലാ കോടതി പാലം, നാല് ചിറപ്പാലം എന്നീ 8 പാലങ്ങളും, ജില്ലയില്‍ മൊത്തം 70ല്‍പ്പരം പാലങ്ങളുമാണ് ഡിസൈന്‍ ചെയ്തത്.

    ഇതുപോലെ കേരളത്തില്‍ മൊത്തം 500 പാലങ്ങളാണ് നിര്‍മ്മിക്കുന്നത്. ഈ ചരിത്ര വസ്തുതകള്‍ ഓര്‍ക്കണം. വൈറ്റ് ടോപ്പിങ്ങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകള്‍ പോലും കഴിഞ്ഞ ഗവണ്‍മെന്റ് ആലപ്പുഴയില്‍ കൊണ്ടുവന്നു. ഏത് വികസന കാര്യത്തിനും ഒന്നാമത് പരിഗണന അടിസ്ഥാന വികസനത്തിനാണ്. ഇത് മനസ്സിലാക്കി വേണം വികസനത്തിന്റെ പ്രചരണം നടത്താന്‍. ഇന്നത്തെ ജനപ്രതിനിധികള്‍ക്ക് ഇത് എത്രമാത്രം സഹായമാണ്. എന്നാല്‍ നിരന്തരം വരുന്ന വാര്‍ത്തകളില്‍ കഴിഞ്ഞ ഗവണ്‍മെന്റ് ഇതെല്ലാം നല്‍കിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല. ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണ്. മാറിമാറിവരുന്ന ഓരോ ഗവണ്‍മെന്റും ചെയ്യുന്നത് ഓര്‍മിക്കുന്നില്ലെങ്കില്‍ അത് ശരിയായ രീതിയല്ല.

Tags:    

Similar News