സംസ്‌കരിക്കാന്‍ 'വിസമ്മതിച്ചു'; കോവിഡ് 19 രോഗിയുടെ മൃതദേഹം വീട്ടില്‍ കിടന്നത് 34 മണിക്കൂര്‍

തെക്കുപടിഞ്ഞാറന്‍ ഇറ്റാലിയന്‍ നഗരമായ നേപ്പിള്‍സിലാണ് കോവിഡ് 19 പൊതുജനങ്ങളില്‍ സൃഷ്ടിച്ച ഭീതിയുടെ ആഴം വെളിവാക്കുന്ന സംഭവം അരങ്ങേറിയത്.

Update: 2020-03-10 17:01 GMT

റോം: സംസ്‌കാരച്ചടങ്ങുകള്‍ക്കായി മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോവാന്‍ ആരും തയ്യാറാവാത്തതിനെ തുടര്‍ന്ന് കോവിഡ് 19 രോഗിയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിക്കേണ്ടിവന്നത് 34 മണിക്കൂര്‍. തെക്കുപടിഞ്ഞാറന്‍ ഇറ്റാലിയന്‍ നഗരമായ നേപ്പിള്‍സിലാണ് കോവിഡ് 19 പൊതുജനങ്ങളില്‍ സൃഷ്ടിച്ച ഭീതിയുടെ ആഴം വെളിവാക്കുന്ന സംഭവം അരങ്ങേറിയത്.

47 കാരിയായ തെരേസ ഫ്രാന്‍സിസ് അപസ്മാര രോഗിയായിരുന്നെങ്കിലും മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, ആഴ്ചയുടെ ആദ്യത്തില്‍ കോവിഡ് 19മായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച തെരേസ ശനിയാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാല്‍, മൃതദേഹം സംസ്‌കാരത്തിനായി സെമിത്തേരിയിലേക്ക് കൊണ്ടുപോവാന്‍ അയല്‍വാസികളും മറ്റും വിസമ്മതിച്ചതോടെയാണ് വീട്ടുകാര്‍ക്ക് ഒന്നര ദിവസത്തോളം കോവിഡ് 19 ബാധിച്ച യുവതിയുടെ മൃതദേഹത്തോടൊപ്പം കഴിയേണ്ടിവന്നത്.

തുടര്‍ന്ന് ടെലിവിഷന്‍ താരമായ സഹോദരന്‍ അധികൃതരുടെ സഹായം അഭ്യര്‍ഥിച്ച് ഞായറാഴ്ച ഉച്ചയോടെ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പതിഞ്ഞത്. .'താന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത് ഇറ്റലിയുടേയും നേപ്പിള്‍സിന്റെയും നന്മയ്ക്കു വേണ്ടിയാണ്.തന്റെ സഹോദരി കഴിഞ്ഞ ദിവസം രാത്രി മരിച്ചു. വൈറസ് ബാധ മൂലമാവാനാണ് സാധ്യത. കഴിഞ്ഞ രാത്രി മുതല്‍ താന്‍ അധികൃതരുടെ മറുപടികള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കി. വീഡിയോ വൈറലായതോടെ ഒരു പ്രാദേശിക സംഘമെത്തി തെരേസയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ തയ്യാറായി. മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. കുടുംബാംഗങ്ങളുടെ അസാന്നിധ്യത്തിലായിരുന്നു സംസ്‌കാരം.

സഹോദരന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അധികൃതര്‍ മൃതദേഹത്തില്‍ വൈറസ് പരിശോധന നടത്താന്‍ തയ്യാറായത്. പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തു. മരിച്ച യുവതിയുടെ പ്രായമായ മാതാപിതാക്കളും കുട്ടികള്‍ ഉള്‍പ്പെടെയുള്ള മറ്റ് ബന്ധുക്കളും മൃതദേഹത്തോടൊപ്പം വീട്ടിലുണ്ടായിരുന്നു. ഇതോടെ, ബന്ധുക്കളേയും പരിശോധനയ്ക്കു വിധേയമാക്കിയിരിക്കുയാണ്. ഇപ്പോള്‍ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

ഇറ്റലിയില്‍ വൈറസ് ബാധിച്ച ഒരാള്‍ വീട്ടില്‍ വച്ച് മരിക്കുന്ന ആദ്യത്തെ കേസാണിത്, അതിനാല്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നതായി പ്രാദേശിക കൗണ്‍സിലറും കാമ്പാനിയയിലെ പ്രാദേശിക ആരോഗ്യ കമ്മീഷന്‍ അംഗവുമായ ഫ്രാന്‍സിസ്‌കോ എമിലിയോ ബോറെല്ലി അല്‍ ജസീറയോട് പറഞ്ഞു.ഇറ്റലിയുടെ തെക്ക് ഭാഗത്തുള്ള കാമ്പാനിയയില്‍ മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് തെരേസയെന്ന് റിപ്പോര്‍ട്ടുകള്‍. 122 പോസിറ്റീവ് കേസുകളും ഈ മേഖലയിലുണ്ട്. മിക്ക കേസുകളും മരണങ്ങളും ഇതുവരെ രാജ്യത്തിന്റെ വടക്ക് ഭാഗത്താണ്.

Tags:    

Similar News