ഇന്ധനസെസ്: പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു; ചോദ്യോത്തരവേള സസ്‌പെന്റ് ചെയ്തു

Update: 2023-02-09 04:43 GMT

തിരുവനന്തപുരം: ഇന്ധനസെസ് പിന്‍വലിക്കാത്തതിനെതിരേ നിയമസഭയ്ക്കകത്ത് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇന്ധനസെസ് കുറയ്ക്കില്ലെന്ന് നിലപാടെടുത്ത ധനമന്ത്രി, സമരം ചെയ്ത പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അതിനാല്‍, സഭാനടപടികളുമായി സഹകരിക്കാന്‍ പ്രയാസമാണെന്നും സതീശന്‍ അറിയിച്ചു. പ്രതിപക്ഷം സഹകരിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പറഞ്ഞു.

ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. ഇതോടെ ചോദ്യോത്തരവേള സസ്‌പെന്റ് ചെയ്തു. ഇതിന് പിന്നാലെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. നികുതി വര്‍ധനയില്‍ പ്രതിഷേധിച്ച് എംഎല്‍എ ഹോസ്റ്റലില്‍നിന്ന് കാല്‍നടയായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയിലേക്കെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും യുഡിഎഫ് നേതാക്കളും പ്രതിഷേധത്തിനു നേതൃത്വം നല്‍കി. കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത രീതിയിലുള്ള നികുതി വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ജനങ്ങളോട് സര്‍ക്കാരിനു പുച്ഛമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ജനങ്ങള്‍ പ്രയാസപ്പെടുമ്പോഴാണ് നാലായിരം കോടിയുടെ നികുതി നിര്‍ദേശങ്ങളുമായി വന്നിരിക്കുന്നത്. അത് വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. പ്രതിപക്ഷത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. അഹങ്കാരം തലയ്ക്കുപിടിച്ച സര്‍ക്കാരാണിത്. അവര്‍ക്ക് പ്രതിപക്ഷത്തോട് പരിഹാസമാണ്. ജനങ്ങളോട് പുച്ഛമാണ്. ജനങ്ങളെ മറന്നാണ് സര്‍ക്കാര്‍ പോവുന്നത്. തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ് കാണിക്കുന്നത്.

പ്രതിപക്ഷം സമരം ചെയ്യുന്നതുകൊണ്ട് നികുതി കുറയ്ക്കില്ലെന്നു പറയുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ? ഇന്ധന നികുതി കേന്ദ്രം കൂട്ടിയപ്പോള്‍ നികുതി കൊടുക്കാതെ പ്രതിഷേധിക്കാന്‍ പറഞ്ഞയാളാണ് പിണറായി വിജയനെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ മന്ത്രി എം ബി രാജേഷ് ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. അതേസമയം, സഭയ്ക്ക് മുന്നില്‍ നാല് പ്രതിപക്ഷ എംഎല്‍എമാരുടെ സത്യഗ്രഹം തുടരുകയാണ്. സഭാസമ്മേളനം ഇന്ന് അവസാനിക്കുന്നതോടെ ശക്തമായ പ്രതിഷേധ പരിപാടികള്‍ ജില്ലാ തലത്തില്‍ സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയമസഭാ സമ്മേളനം ഇന്ന് ഇടക്കാലത്തേക്ക് പിരിയും.

Tags: