ഇന്ധന സെസ് പിന്‍വലിച്ചില്ല; ഇന്ന് പ്രതിപക്ഷ പ്രതിഷേധ നടത്തം, സഭ സ്തംഭിപ്പിക്കാന്‍ ആലോചന

Update: 2023-02-09 01:56 GMT

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് അടക്കമുള്ള നികുതി വര്‍ധനകള്‍ പിന്‍വലിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ നടത്തം. ഇന്ധന സെസില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ വ്യാഴാഴ്ച കാല്‍നടയായി നിയമസഭയിലെത്തും. എംഎല്‍എമാര്‍ ഹോസ്റ്റല്‍ മുതല്‍ നിയമസഭ വരെ നടക്കും. നിയമസഭയിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും. നിയമസഭ സ്തംഭിപ്പിക്കുന്നത് അടക്കമുള്ള സമരപരിപാടികള്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

നിയമസഭാ സമ്മേളനം തുടങ്ങുന്ന ചോദ്യോത്തര വേള മുതല്‍ സഭ സ്തംഭിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ട്. നാല് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തുന്ന സത്യഗ്രഹ സമരം വ്യാഴാഴ്ച നാലാം ദിവസത്തിലേക്ക് കടക്കും. ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഇളവുണ്ടാവുമെന്നാണ് എല്ലാവരും കരുതിയത്. രണ്ടുരൂപ സെസ് ഒരു രൂപയാക്കി കുറയ്ക്കാനായിരുന്നു എല്‍ഡിഎഫിലെ ആദ്യചര്‍ച്ചകളും. എന്നാല്‍, പ്രതിപക്ഷം സമരം ശക്തമാക്കിയതോടെ കുറച്ചാല്‍ ക്രെഡിറ്റ് യുഡിഎഫിനാവുമെന്നായി പിന്നീടുള്ള വിലയിരുത്തല്‍.

ധനവകുപ്പ് ഇളവിനെ ശക്തമായി എതിര്‍ക്കുക കൂടി ചെയ്തതോടെ പുനരാലോചന വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സെസ് കുറച്ചില്ലെങ്കിലും ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടിയത് 10 ശതമാനമാക്കി കുറച്ചേക്കുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതും നടപ്പായില്ല. 60 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ നികുതി വര്‍ധന അത്യാവശ്യമാണെന്നാണ് ധനമന്ത്രി ചൂണ്ടിക്കാട്ടിയത്.

ബജറ്റ് അവതരണത്തിനു ശേഷമുള്ള ബജറ്റ് പൊതുചര്‍ച്ച പൂര്‍ത്തിയാക്കി. വ്യാഴാഴ്ച ഉപധനാഭ്യര്‍ഥനയ്ക്കുശേഷം സഭ അനിശ്ചിതകാലത്തേയ്ക്കു പിരിയും. സഭ പിരിയുന്ന സാഹചര്യത്തില്‍ എംഎല്‍എമാരുടെ സമരവും അവസാനിപ്പിക്കും. സമരം കൂടുതല്‍ തീവ്രതയോടെ പുറത്തേയ്ക്ക് വ്യാപിപ്പിക്കുന്നതും ചര്‍ച്ച ചെയ്യും. ബജറ്റ് നിര്‍ദേശങ്ങളുടെ സബ്ജക്ട് കമ്മിറ്റിയിലെ പരിശോധനകള്‍ക്കുശേഷം ഇനി 27 മുതലാണ് നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നത്. മാര്‍ച്ച് അവസാനം സമ്പൂര്‍ണ ബജറ്റ് പാസാക്കുന്നതുവരെ സഭാനടപടികള്‍ തുടരും.

Tags:    

Similar News