സവര്‍ണരുടെ ആക്രമണ ഭീഷണി; ദലിത് ഐപിഎസ് ഉദ്യോഗസ്ഥന്റെ വിവാഹഘോഷയാത്ര നടന്നത് പോലിസ് കാവലില്‍

Update: 2022-02-20 16:00 GMT

ജയ്പൂര്‍: കുടുംബത്തിന് നേരേ സവര്‍ണ ജാതിക്കാരുടെ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പോലിസിന്റെ സംരക്ഷണയില്‍ സ്വന്തം വിവാഹ ഘോഷയാത്ര നടത്തി ദലിത് ഐപിഎസ് ഉദ്യോഗസ്ഥന്‍. രാജസ്ഥാനിലെ സുരാജ്പുരയിലാണ് സംഭവം. ജൈസിങ്പുര സ്വദേശിയും മണിപ്പൂര്‍ കേഡറിലെ 2020 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനുമായ 26കാരന്‍ സുനില്‍കുമാര്‍ ധന്‍വാന്തയുടെ വിവാഹത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിലാണ് പോലിസ് കാവലൊരുക്കിയത്. സമീപകാലത്തായി നിരവധി ദലിത് വിവാഹങ്ങളില്‍ കുതിര സവാരിയും ഘോഷയാത്രയും അടക്കമുള്ള ചടങ്ങുകള്‍ സവര്‍ണ ജാതിക്കാര്‍ ഇടപെട്ട് തടഞ്ഞിരുന്നു.

ചിലയിടങ്ങളില്‍ ദലിത് ദമ്പതികള്‍ സവര്‍ണരുടെ ഭാഗത്തുനിന്ന് ആക്രമണവും നേരിട്ടിരുന്നു. 2001ല്‍ സുനില്‍കുമാറിന്റെ അമ്മായിയുടെ വിവാഹചടങ്ങുകള്‍ക്കുനേരെയും സവര്‍ണ ജാതിക്കാരുടെ ആക്രമണമുണ്ടായി. 2001ല്‍ അമ്മായിയുടെ വിവാഹം നടന്നപ്പോള്‍ സവര്‍ണ ജാതിക്കാര്‍ താമസിക്കുന്ന പ്രദേശത്തുകൂടി വിവാഹ ഘോഷയാത്ര കടന്നുപോയി. കുതിര സവാരി ചെയ്യാതിരുന്നിട്ടും വരനെ സവര്‍ണര്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് സ്വന്തം വിവാഹത്തിന് ഐപിഎസ് ഉദ്യോഗസ്ഥന്‍ പോലിസിന്റെ സഹായം തേടിയത്.

വിവാഹകാര്യത്തില്‍ കുടുംബത്തിന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവാവ് ഭരണകൂടത്തെ സമീപിച്ചത്. താനൊരു ഐപിഎസ് ഉദ്യോഗസ്ഥനാണെങ്കിലും കുടുംബത്തിന് മകന്‍ മാത്രമാണെന്നും ഇക്കാലത്തും സ്വന്തം വിവാഹത്തില്‍ ഘോഷയാത്രയടക്കം നടത്താന്‍ ദലിത് ജാതിക്കാര്‍ക്ക് ഭയമാണെന്നും സുനില്‍കുമാര്‍ പ്രതികരിച്ചു. കാര്യങ്ങള്‍ മാറിവരുന്നുണ്ടെങ്കിലും പൂര്‍ണമായ സാമൂഹികനീതി പുലരാന്‍ ഇനിയും ഏറെദൂരം പോവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥനായ വരന്റെ ആവശ്യപ്രകാരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തതെന്ന് പോലിസ് സൂപ്രണ്ട് (ജയ്പൂര്‍ റൂറല്‍) മനീഷ് അഗര്‍വാള്‍ പറഞ്ഞു.

വിവാഹ ചടങ്ങുകള്‍ക്കായി സംഘം പിന്നീട് ഹരിയാനയിലേക്ക് പോയി. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് കോട്പുത്‌ലി അഡീഷനല്‍ എസ്പി വിദ്യാപ്രകാശ് പറഞ്ഞു. സ്വന്തം ഗ്രാമത്തിലെ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥനാണ് സുനില്‍കുമാര്‍. സമൂഹത്തിന് ഒരു സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഘോഷയാത്രയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചതെന്ന് സുനില്‍കുമാര്‍ പറഞ്ഞു. കുതിരപ്പുറത്തേറിയായിരുന്നു സുനിലിന്റെ വിവാഹഘോഷയാത്ര.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന ദലിതരുടെ മറ്റൊരു വിവാഹത്തില്‍ ശക്തമായ സന്ദേശം നല്‍കുന്നതിനായി മണ്ഡലത്തിലെ ഒരു എംഎല്‍എയാണ് കുതിര സവാരി നയിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ രാജസ്ഥാനില്‍ മാത്രം 76ഓളം ദലിത് യുവാക്കളുടെ വിവാഹങ്ങളില്‍ കുതിരപ്പുറത്തേറിയുള്ള ഘോഷയാത്രയും അനുബന്ധ ചടങ്ങുകളുമെല്ലാം സവര്‍ണ ജാതിക്കാര്‍ ചേര്‍ന്ന് തടഞ്ഞിട്ടുണ്ടെന്നാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നവംബറില്‍ പോലിസ് സുരക്ഷയോടെ നടന്ന ഒരു ദലിത് വിവാഹചടങ്ങിനുനേരെ കല്ലേറ് നടന്നിരുന്നു. പോലിസ് നോക്കിനില്‍ക്കെയാണ് വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരേ സവര്‍ണരുടെ ആക്രമണമുണ്ടായത്.

Tags:    

Similar News