കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ജുമുഅ പ്രാര്‍ഥനകള്‍ സംപ്രേക്ഷണം ചെയ്യുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

മുസ്‌ലിം സമുദായത്തോടുള്ള പിന്തുണ പ്രകടിപ്പിക്കുന്നതിന് ഹിജാബ് ധരിക്കാന്‍ രാജ്യത്തെ വനിതകളെ പ്രേരിപ്പിക്കുമെന്നും ജസീന്ദ പറഞ്ഞു.

Update: 2019-03-20 14:59 GMT

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ടു മസ്ജിദുകളിലായി നടന്ന ഹീനമായ കൂട്ടക്കൊലയില്‍ ഇരകളാക്കപ്പെട്ടവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ചത്തെ ബാങ്കും ജുമുഅ പ്രാര്‍ഥനകളും ഔദ്യോഗിക ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും തല്‍സമയം സംപ്രേഷണം ചെയ്യുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ദ ആര്‍ഡേന്‍. കൊല്ലപ്പെട്ടവര്‍ക്കായി രാജ്യമാകെ രണ്ട് മിനുട്ട് മൗന പ്രാര്‍ഥന ആചരിക്കുമെന്നും അവര്‍ അറിയിച്ചു. മുസ്‌ലിം സമുദായത്തോടുള്ള പിന്തുണ പ്രകടിപ്പിക്കുന്നതിന് ഹിജാബ് ധരിക്കാന്‍ രാജ്യത്തെ വനിതകളെ പ്രേരിപ്പിക്കുമെന്നും ജസീന്ദ പറഞ്ഞു. മുസ്‌ലിം സമുദായത്തെ ചേര്‍ത്തു നിര്‍ത്താനുള്ള ദിവസമായി വരുന്ന വെള്ളിയാഴ്ച ആചരിക്കാനും അവര്‍ രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്തു. നേരത്തെ അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ഹിജാബ് ധരിച്ച് സന്ദര്‍ശിച്ച് ജസിന്ദ ലോകത്തിന്റെ കയ്യടി നേടിയിരുന്നു.

കൊല്ലപ്പെട്ടവരുടെ മൃതദേഹം കബറടക്കുന്നതിനു മുന്നോടിയായി ജസീന്ദ ക്രൈസ്റ്റ്ചര്‍ച്ച് സന്ദര്‍ശിച്ചിരുന്നു. വെടിവയ്പില്‍ 40 പേര്‍ കൊല്ലപ്പെട്ട അല്‍ നൂര്‍ പള്ളി വൃത്തിയാക്കി വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.  ഇന്നലെ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരുടെ മൃതദേഹം മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌കരിച്ചു. സിറിയന്‍ അഭയാര്‍ഥികളായ പിതാവിന്റെയും മകന്റേയും മൃതദേഹവും സംസ്‌കരിച്ചതില്‍ ഉള്‍പ്പെടും. 15കാരനായ സിറിയന്‍ അഭയാര്‍ഥി ഹംസ മുസ്തഫ, പിതാവ് ഖാലിദ് (44) എന്നിവരെയാണ് കബറടക്കിയത്.

ബുധനാഴ്ച ഉച്ചയോടെ കൊല്ലപ്പെട്ട 30 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് സംസ്‌കാരച്ചടങ്ങുകള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലിസ് അറിയിച്ചിരുന്നു. വെടിവയ്പില്‍ പരിക്കേറ്റ 29 പേര്‍ ഇപ്പോഴും ക്രിസ്റ്റ്ചര്‍ച്ച് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ എട്ടു പേരുടെ നില ഗുരുതരമാണ്. ഓക്‌ലാന്‍ിഡിലെ സ്റ്റാര്‍ഷിപ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നാലു വയസ്സുകാരിയും അപകട നില തരണം ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളിലായി വെടിവയ്പ്പുണ്ടായത്. സെന്‍ട്രല്‍ െ്രെകസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മുസ്ലിംപള്ളിയിലും ലിന്‍വുഡ് പള്ളിയിലുമായി വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ നടന്ന ആക്രമണത്തില്‍ അന്‍പത് പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരു മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരുമുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന്യൂസീലന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ ഭീകരാക്രമണം നടന്നത്. പള്ളികളില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്.

Tags:    

Similar News