വെള്ളിയാഴ്ച നമസ്‌കാരം: 37 സ്ഥലങ്ങളില്‍ എട്ടിടത്ത് അനുമതി റദ്ദാക്കി ഗുരുഗ്രാം ജില്ലാ ഭരണകൂടം

പ്രാദേശിക താമസക്കാരുടെയും റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് അനുമതി റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Update: 2021-11-02 17:24 GMT
ചണ്ഡിഗഢ്: ഹിന്ദുത്വ സമ്മര്‍ദത്തിന് വഴങ്ങി ജുമുഅ നമസ്‌കാരത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച 37 സ്ഥലങ്ങളില്‍ എട്ടിടങ്ങളില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ഗുരുഗ്രാമിലെ ജില്ലാ ഭരണകൂടം അനുമതി റദ്ദാക്കി.പ്രാദേശിക താമസക്കാരുടെയും റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് അനുമതി റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബംഗാളി ബസ്തി സെക്ടര്‍ 49, വി ബ്ലോക്ക് ഡിഎല്‍എഫ് ഘട്ടം 3, സൂറത്ത് നഗര്‍ ഘട്ടം 1, ഖേരി മജ്ര ഗ്രാമത്തിന് പുറത്തെ സ്ഥലം, ദ്വാരക എക്‌സ്പ്രസ് വേയില്‍ ദൗലതാബാദ് ഗ്രാമത്തിന് സമീപമുള്ള ഒരു സ്ഥലം, രാംഗഢ് ഗ്രാമത്തിനടുത്തുള്ള സെക്ടര്‍ 68, ഡിഎല്‍എഫ് സ്‌ക്വയര്‍ ടവറിന് സമീപമുള്ള സ്ഥലം, രാംപൂര്‍ ഗ്രാമത്തിനും നഖ്‌റോല റോഡിനും ഇടയിലുള്ള സ്ഥലം എന്നിവിടങ്ങിലാണ് പ്രാര്‍ഥനയ്ക്ക് അനുമതി നിഷേധിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.

ഒരു മാസത്തിലേറെയായി, ഭാരത് മാതാ വാഹിനിയുടെ ദിനേശ് ഭാരതിയുടെ നേതൃത്വത്തില്‍ സംഘപരിവാരം എല്ലാ വെള്ളിയാഴ്ചയും ഗുരുഗ്രാമിലെ സെക്ടര്‍ 47ല്‍ മുസ്‌ലിംകള്‍ ജുമുഅ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടുന്ന ഒരു നിയുക്ത സ്ഥലത്ത് സംഘടിച്ചെത്തി പ്രാര്‍ഥന തടസ്സപ്പെടുത്തി വരികയാണ്.

ഈയിടെ, സംഘപരിവാരത്തോട് കൈകോര്‍ത്ത് ചില റെസിഡന്‍സ് അസോസിയേഷനുകളും 'തുറസ്സായ സ്ഥലങ്ങളില്‍' നമസ്‌കാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരുന്നു.

Tags:    

Similar News