രാജസ്ഥാന്‍ ബിജെപിയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം

പ്രതിപക്ഷ നേതാവിനെതിരായ നീക്കത്തിന് പിന്നാലെ പാര്‍ട്ടി നിയമസഭാ യോഗത്തില്‍ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കൈലാഷ് മേഘ്‌വാള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ്ക്ക് കത്തെഴുതി.

Update: 2021-09-08 13:14 GMT

ജയ്പൂര്‍: പാര്‍ട്ടിക്കകത്തെ ആഭ്യന്തര സംഘര്‍ഷങ്ങളെ സംബന്ധിച്ചിടത്തോളം, ബിജെപിയുടെ രാജസ്ഥാന്‍ ഘടകം കോണ്‍ഗ്രസിനെ പിന്നിലാക്കുന്നില്ല. ഇപ്പോള്‍ ബിജെപിയുടെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ച്ചയാണ് രാജസ്ഥാനില്‍ നിന്നും പുറത്തുവരുന്നത്.

രാജസ്ഥാനിലെ മുന്‍ സ്പീക്കറും പാര്‍ട്ടിയുടെ മുതിര്‍ന്ന എംഎല്‍എമാരില്‍ ഒരാളുമായ കൈലാഷ് മേഘ്‌വാള്‍, മഹാറാണ പ്രതാപിനെയും ശ്രീരാമനെയും കുറിച്ചു നടത്തിയ വിവാദ പ്രസ്താവനകളുടെ പേരില്‍ പ്രതിപക്ഷ നേതാവ് ഗുലാബ് സി കട്ടാരിയക്കെതിരേ വിമര്‍ശനം ഉയര്‍ത്തിയാണ് ഇപ്പോള്‍ വെടിപൊട്ടിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ വോട്ട് കട്ടിങ് മെഷീനാണ് കട്ടാരിയ എന്നാണ് മേഘ്‌വാള്‍ പറഞ്ഞത്.

പ്രതിപക്ഷ നേതാവിനെതിരായ നീക്കത്തിന് പിന്നാലെ പാര്‍ട്ടി നിയമസഭാ യോഗത്തില്‍ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കൈലാഷ് മേഘ്‌വാള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ്ക്ക് കത്തെഴുതി.

കൈലാഷ് മേഘ്‌വാള്‍ എഴുതിയ 10 പേജുള്ള കത്ത് പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് ജെപി നദ്ദയ്ക്കും അയച്ചിട്ടുണ്ട്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും പാര്‍ട്ടിയുടെ മറ്റ് ആറ് മുതിര്‍ന്ന നേതാക്കളും ഗുലാബ് സി കട്ടാരിയക്കെതിരേ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മഹാറാണ പ്രതാപിനെ അനാദരിക്കുന്ന കട്ടാരിയയുടെ പ്രസ്താവനകളാണ് അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് കാരണമെന്ന് മേഘ് വാള്‍ തന്റെ കത്തില്‍ പറഞ്ഞു.

അതേസമയം, പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള അരുണ്‍ സിങ് ബുധനാഴ്ച ജയ്പൂരിലെത്തി. വ്യാഴാഴ്ച നടക്കുന്ന നിയമസഭാകക്ഷി യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു, 'ഞാന്‍ ഈ വിഷയത്തില്‍ മേഘ്‌വാളിനോട് സംസാരിക്കും, അദ്ദേഹത്തിന്റെ കത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ ശ്രമിക്കും.' പരസ്യമായ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ താല്‍പ്പര്യത്തിന് അനുയോജ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

മേഘ്‌വാള്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുമായി അടുപ്പമുള്ളയാളാണ്. ഈ കത്ത് രാജെ ക്യാംപ്് നേതാക്കളുടെ വിഭാഗവും പാര്‍ട്ടിയുടെ ഔദ്യോഗിക സംസ്ഥാന നേതൃത്വവും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതാണെന്ന നിരീക്ഷണമാണ് ദേശീയ മാധ്യമങ്ങള്‍ മുന്നോട്ട് വെക്കുന്നത്.