ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കൊവിഡ്

Update: 2020-12-17 11:50 GMT

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കൊവിഡ്-19 സ്ഥിരീകരിച്ചു. പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.

കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായതോടെ ആര്‍ടിസിപിആര്‍ പരിശോധനയ്ക്ക് അദ്ദേഹം വിധേയനായി. പരിശോധനയില്‍ മാക്രോണിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചതോടെ അടുത്ത ഏഴ് ദിവസത്തേക്ക് പ്രസിഡന്റ് ക്വാറന്റൈനില്‍ കഴിയും.

ക്വാറന്റൈനില്‍ കഴിയുകയാണെങ്കിലും കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് തന്നെ പ്രസിഡന്റ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മാക്രോണിന് കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനില്‍ പോകേണ്ടിവരും.

കൊവിഡ്മഹാമാരി ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട അഞ്ചാമത്തെ രാജ്യമാണ് ഫ്രാന്‍സ്. ഡിസംബര്‍ 17 വരെ 24 ലക്ഷത്തിലധികം കോവിഡ് -19 കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ആകെ 2.4 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 59,472 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ രോഗമുക്തരുടെ എണ്ണം 94,89,740 ആയി.ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി തയ്യാറാക്കി പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.