ചാണകം കൊവിഡ് ഭേദമാക്കില്ലെന്ന് പോസ്റ്റിട്ട ആക്ടിവിസ്റ്റിനെതിരേ രാജ്യദ്രോഹക്കുറ്റം; ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രിംകോടതി

Update: 2021-07-19 10:21 GMT

ന്യൂഡല്‍ഹി: ചാണകം കൊവിഡ് ഭേദമാക്കില്ലെന്ന് പോസ്റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മണിപ്പൂരി സാമൂഹ്യപ്രവര്‍ത്തകനെ ഉടനതന്നെ മോചിപ്പിക്കണമെന്ന് സുപ്രിംകോടതി. ഇന്ന് വൈകീട്ട് അഞ്ചു മണിക്കുള്ളില്‍ മോചിപ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ലിച്ചോമ്പം തടവില്‍ തുടരുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

ലിച്ചോമ്പയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പിതാവ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. കേസ് പരിഗണിക്കുന്നത് നാളത്തേയ്ക്കു മാറ്റിവെക്കണമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി ഇന്നുതന്നെ ജാമ്യം അനുവദിക്കുകയായിരുന്നു.

ഗോമൂത്രവും ചാണകവും കൊറോണയ്ക്കുള്ള ചികിത്സയല്ല എന്ന് കുറിച്ച് ബി.ജെ.പി നേതാക്കളെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ ലിച്ചോമ്പക്കെതിരേ ദേശ സുരക്ഷാ നിയമപ്രകാരം കേസെടുത്തത്. മണിപ്പൂര്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന സൈഖോം ടിക്കേന്ദ്ര കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയെ പരിഹസിച്ചുകൊണ്ട് ലിംച്ചോമ്പം പോസ്റ്റിട്ടത്. മണിപ്പൂര്‍ ബി.ജെ.പി വൈസ് പ്രസിഡന്റ് ഉഷം ദേബന്‍, ജനറല്‍ സെക്രട്ടറി പി. പ്രോമാനന്ദ മീട്ടെ എന്നിവരുടെ പരാതിയിലായിരുന്നു നടപടി.

രാജ്യസഭാ എംപി സനജോബ ലീഷെംബയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും അപമാനിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ 2020ലും ലിച്ചോമ്പയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News