മലബാറിനോടുള്ള വിവേചനം, ഉന്നതവിദ്യാഭ്യാസ രംഗത്തെ എസ്എഫ്‌ഐ അട്ടിമറി; ജൂണ്‍ 27ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വിദ്യാഭ്യാസ ബന്ദ്

Update: 2023-06-22 14:27 GMT

എറണാകുളം: മലബാര്‍ ജില്ലകളിലെ ഹയര്‍സെക്കന്ററി പ്രവേശനവുമായി ബന്ധപ്പെട്ട സീറ്റ് അപര്യാപ്ത പരിഹരിക്കാത്തതിലും ഉന്നത വിദ്യാഭ്യാസ രംഗത്തെ പിടിച്ചുകുലുക്കിയ ഇടത്-എസ്എഫ്‌ഐ അട്ടിമറികളിലും പ്രതിഷേധിച്ച് ജൂണ്‍ 27ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്‌റിന്‍. പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട ആദ്യ ഘട്ട അലോട്ട്‌മെന്റ് പുറത്തുവന്നപ്പോള്‍ ഫുള്‍ എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും സീറ്റ് ലഭിച്ചിട്ടില്ല എന്നത് മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ വിവേചന ഭീകരതയുടെ ആഴം സൂചിപ്പിക്കുന്നതാണ്. 30% മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് മാത്രം നടത്തിക്കൊണ്ട് മലബാറിലെ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഓപണ്‍ സ്‌കൂളിലേക്ക് തള്ളിവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓപണ്‍ സ്‌കൂളിനെ ആശ്രയിച്ച 38726 പേരില്‍ 31505 പേരും മലബാറില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. അതില്‍ 15988 പേരും മലപ്പുറത്ത് നിന്നുള്ളവരാണ്.

    പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റില്‍ മലപ്പുറം ജില്ലയില്‍ മാത്രം 46133 വിദ്യാര്‍ത്ഥികള്‍ക്കാണ് സീറ്റ് ലഭിക്കാതിരുന്നത്. ഈ വിവേചനത്തിന്റെ കണക്കുകള്‍ മുന്നിലുള്ളപ്പോഴാണ് അലോട്ട്‌മെന്റ് കഴിയുമ്പോഴേക്കും കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ലഭിക്കുമെന്ന പച്ചക്കള്ളം വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിച്ച് പറയുന്നത്. മലബാര്‍ ജില്ലകളിലെ വിവേചനത്തെ പരിഹരിക്കാന്‍ മതിയായ രീതിയില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്ന കാര്‍ത്തികേയന്‍ കമ്മീഷന്റെ ശുപാര്‍ശയെ അവ?ഗണിച്ച് കൊണ്ടും ആ റിപ്പോര്‍ട്ടിനെ തന്നെ പൂഴ്ത്തി വെച്ച് കൊണ്ടും വിദ്യാഭ്യാസ അവകാശത്തെക്കുറിച്ച് സംസാരിക്കുന്നവരെ അധിക്ഷേപിച്ച് കൊണ്ടും മലബാര്‍ മേഖലയിലെ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്.

    കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് എസ്എഫ്‌ഐയുടെയും ഇടത് പക്ഷ അധ്യാപക-അനധ്യാപക സംഘടനകളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാഫിയകളാണ്. കാലങ്ങളായി നടന്ന് കൊണ്ടിരിക്കുന്ന ഈ വിദ്യാഭ്യാസ അട്ടിമറികളുടെ ചുരുക്കം ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്ന് കൊണ്ടിരിക്കുന്ന എസ്എഫ്‌ഐ നേതാക്കളായിരുന്ന കെ വിദ്യയുടെയും നിഖില്‍ തോമസിന്റെയും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങള്‍. കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകളിലെയും അധ്യാപക-അനധ്യാപക നിയമനങ്ങളിലെയും പിഎച്ച്ഡി പ്രവേശനത്തിലെയും സംവരണ അട്ടിമറിയെക്കുറിച്ച് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് സമഗ്രാന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ എം ഷെഫ്‌റിന്‍ പറഞ്ഞു. എറണാംകുളം പ്രസ് ക്‌ളബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി തഷ്‌രീഫ്, സെക്രട്ടറി സബീല്‍ ചെമ്പ്രശ്ശേരി, ജില്ല ജനറല്‍ സെക്രട്ടറി അംജദ് എടത്തല, സെക്രട്ടറി പി മന്ന സംബന്ധിച്ചു.

Tags: