ഹോര്‍മുസ് കടലിടുക്കില്‍ ഒരിക്കലും ഇടപെടില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഫ്രാന്‍സ്. ഹോര്‍മുസില്‍ ചരക്കു കപ്പലുകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ യുദ്ധ കപ്പലുകള്‍ എത്തിക്കണമെന്ന ട്രംപിന്റെ ആവശ്യം നേരത്തെ തന്നെ ഫ്രാന്‍സ് തള്ളിയിരുന്നു. സംഘര്‍ഷത്തിനിടെ ഹോര്‍മുസ് കടലിടുക്ക് സഞ്ചാര യോഗ്യമാക്കാനുള്ള സൈനിക നടപടികളില്‍ ഫ്രാന്‍സ് ഒരിക്കലും പങ്കെടുക്കില്ലെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി.
യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ നാവിഗേഷന്‍ സ്വാതന്ത്ര്യം നല്‍കാന്‍ കഴിയുന്ന ഒരു സഖ്യം തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഫ്രാന്‍സ് തുടരുകയാണെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറയുന്നു.
'ഞങ്ങള്‍ യുദ്ധത്തില്‍ പങ്കാളികളല്ല, അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനോ സ്വതന്ത്രമാക്കുന്നതിനോ ഉള്ള പ്രവര്‍ത്തനങ്ങളില്‍ ഫ്രാന്‍സ് ഒരിക്കലും പങ്കെടുക്കില്ല,' മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള മന്ത്രിസഭാ യോഗത്തിന്റെ തുടക്കത്തില്‍ മാക്രോണ്‍ പറഞ്ഞു. ഹോര്‍മുസിലേക്ക് കപ്പല്‍ അയക്കണമെന്ന ട്രംപിന്റെ ആവശ്യം ജപ്പാനും തള്ളിയിരുന്നു. ഇസ്രായേലിന് വേണ്ടി യുഎസ് നടത്തുന്ന യുദ്ധത്തില്‍ തങ്ങള്‍ പങ്കാളികളല്ലെന്ന് യൂറോപ്യന്‍ രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.
