ഇന്ധനവിലയിൽ പ്രതിഷേധം: ഫ്രാൻസിൽ 8000 രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
കുടുംബ വരുമാനം പരിഗണിക്കാതെ വ്യക്തിയുടെ വരുമാനം പരിഗണിച്ചാണ് ധനസഹായം നല്‍കുന്നത്.
പാരീസ്: ഇന്ധന വിലക്കയറ്റത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നതോടെ പൊതുജനങ്ങൾക്ക് സഹായധനം പ്രഖ്യാപിച്ച് ഫ്രഞ്ച് സർക്കാർ. നിശ്ചിത വരുമാനത്തിൽ താഴെയുള്ളവർക്കാണ് സഹായം ലഭിക്കുക. 2000 യൂറോയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 100 യൂറോ സഹായമാണ് ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റത്തവണയാണ് 100 യൂറോ സഹായം നൽകുക.
ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോൾ എണ്ണായിരം രൂപയോളം വരും. വാഹനമില്ലാത്തവര്‍ക്കും സഹായം ലഭിക്കും. കുടുംബ വരുമാനം പരിഗണിക്കാതെ വ്യക്തിയുടെ വരുമാനം പരിഗണിച്ചാണ് ധനസഹായം നല്‍കുന്നത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഡിസംബറിലും, സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ജനുവരിയിലുമായിരിക്കും സഹായധനം വിതരണം ചെയ്യുക.
നികുതി വർധിപ്പിച്ചതോടെയാണ് രാജ്യത്ത് ഇന്ധനവില കുതിച്ചുകയറിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഫ്രാന്‍സില്‍ 141 രൂപയാണ് ഇപ്പോഴത്തെ വില. ഡീസലിന് ലിറ്ററിന് 136 രൂപയും. ഒരു വര്‍ഷത്തിനിടെ രാജ്യത്തെ ഇന്ധന നികുതിയിൽ 60 ശതമാനമാണ് വർധനവുണ്ടായത്. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയർന്നത്.
തുടക്കത്തിൽ വിലക്കയറ്റം സാധാരണക്കാരെ ബാധിച്ചിരുന്നില്ല. എന്നാൽ വീണ്ടും നികുതി വർധിപ്പിച്ചതോടെ സാധാരണക്കാരെ ബാധിക്കുകയായിരുന്നു. ഇതാേടെയാണ് പ്രതിഷേധം ഉയർന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങൾ റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചിരുന്നു. ഇതിനൊപ്പം പെട്രോള്‍, ഡീസല്‍ സ്റ്റേഷനുകള്‍ ഉപരോധിക്കുകയും ചെയ്തു.
അതിനിടെ സാധാരണക്കാർക്ക് ആനുകൂല്യം പ്രഖ്യാപിച്ചതിനെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഉടൻ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അനുകൂല ജനവിധി ഉണ്ടാക്കാനാണ് ശ്രമമെന്നാണ് പ്രധാന വിമർശനം.

