മിനിവാനിന്റെ വാതില്‍ ചില്ലിനിടയില്‍ തലകുടുങ്ങി; ആലപ്പുഴയില്‍ നാലുവയസ്സുകാരന്‍ മരിച്ചു

ആലപ്പുഴ പുന്നപ്ര കുറവന്‍തോട് മണ്ണാന്‍പറമ്പില്‍ ഉമറുല്‍ ഖത്താബിന്റെ മകന്‍ മുഹമ്മദ് ഹനാനാണു മരിച്ചത്.

Update: 2021-10-13 15:09 GMT
ആലപ്പുഴ: മിനിവാനിന്റെ വിന്‍ഡോ ഗ്ലാസിനിടയില്‍ കഴുത്ത് കുരുങ്ങി നാലുവയസുകാരന്‍ മരിച്ചു. ആലപ്പുഴ പുന്നപ്ര കുറവന്‍തോട് മണ്ണാന്‍പറമ്പില്‍ ഉമറുല്‍ ഖത്താബിന്റെ മകന്‍ മുഹമ്മദ് ഹനാനാണു മരിച്ചത്. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ മുന്‍ചക്രത്തില്‍ക്കയറിയ ഹനാന്‍, വാതിലിന്റെ പകുതിയടഞ്ഞ ചില്ലിനുമുകളിലൂടെ അകത്തേക്കു തലയിട്ടപ്പോള്‍ കാല്‍വഴുതിപ്പോവുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ആലപ്പുഴ പുന്നപ്രയിലാണ് സംഭവം.


മിനിവാഹനത്തിന്റെ ഡ്രൈവറാണ് മുഹമ്മദിന്റെ പിതാവ് ഉമ്മര്‍. ഉച്ചയ്ക്ക് ഈ വാഹനവുമായി ഇയാല്‍ ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയിരുന്നു. ഭക്ഷണം കഴിക്കാനായി അകത്തേക്ക് പോയപ്പോള്‍ കുട്ടി ഡ്രൈവറുടെ ഭാഗത്തെ വിന്‍ഡോയിലൂടെ ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചു. ഇതിനിടയില്‍ അപ്രതീക്ഷിതമായ കുട്ടിയുടെ കാല്‍ വഴുതി കഴുത്ത് ഗ്ലാസിനിടയില്‍ കുടുങ്ങിപ്പോകുകയായിരുന്നു.

കുട്ടിയെക്കാണാതെ ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ വണ്ടിയുടെ ചില്ലിനുമുകളില്‍ തലകുടുങ്ങിയനിലയില്‍ കണ്ടെത്തി. ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലെ ഞരമ്പുമുറിഞ്ഞാണു ഹനാന്റെ മരണം സംഭവിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. പുന്നപ്ര പോലീസ് തുടര്‍ നടപടി സ്വീകരിച്ചു. മാതാവ്: അന്‍സില. സഹോദരന്‍: മുഹമ്മദ് അമീന്‍.

Tags: