2020ല്‍ ജയിലിലടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍-ഇന്ത്യയില്‍ 4, ലോകത്ത് 274

Update: 2020-12-18 10:53 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നാല് ഉള്‍പ്പെടെ ലോകത്ത് 274 മാധ്യമപ്രവര്‍ത്തകരെ 2020ല്‍ ജയിലിലടച്ചതായി മാധ്യമപ്രവര്‍ത്തക സംരക്ഷണ സമിതിയുടെ വാര്‍ഷിക ആഗോള സര്‍വേ റിപോര്‍ട്ട്. തീവ്രവാദം, രാജ്യവിരുദ്ധ പ്രവര്‍ത്തനം, ഭീകരവാദം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ബഹുഭൂരിപക്ഷത്തെയും തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്വേച്ഛാധിപത്യ രാഷ്ട്രങ്ങള്‍ കൊവിഡിന്റെ മറവില്‍ രാഷ്ട്രീയ വിയോജിപ്പ് രേഖപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തകരെ തടങ്കലിലടയ്ക്കാന്‍ മഹാമാരിക്കാലം ഉപയോഗിച്ചതായും സമിതിയുടെ വാര്‍ഷിക ആഗോള സര്‍വേ കുറ്റപ്പെടുത്തുന്നു. പകര്‍ച്ചവ്യാധി കാലത്ത് നിരവധി മാധ്യമപ്രവര്‍ത്തകരെ അറസ്റ്റുചെയ്ത ചൈന, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോകത്തിലെ ഏറ്റവും മോശം ജയിലറായി മാറി. തുര്‍ക്കിയാണ് രണ്ടാം സ്ഥാനത്തെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു കുറ്റകൃത്യത്തിനും ശിക്ഷിക്കപ്പെടാത്ത മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ ഈജിപ്തും സൗദി അറേബ്യയും ശ്രമിച്ചതായും സമിതി പറയുന്നു.

    ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ സ്വതന്ത്ര സര്‍ക്കാരിതര സംഘടനയാണ് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ്(സിപിജെ). മാധ്യമ സ്വാതന്ത്ര്യത്തെ പ്രോല്‍സാഹിപ്പിക്കുകയും മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. സിദ്ദീഖ് കാപ്പനെ കൂടാതെ റിപോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന നാല് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ആസിഫ് സുല്‍ത്താന്‍(കശ്മീര്‍ നരേറ്റര്‍), പ്രശസ്ത കോളമിസ്റ്റുകളും എഴുത്തുകാരുമാ ഗൗതം നവ്‌ലാഖ, ആനന്ദ് തെല്‍തുംബ്ദെ എന്നിവരാണ്.



സിദ്ദീഖ് കാപ്പന്‍

    അഴിമുഖം ഓണ്‍ലൈനില്‍ ജോലി ചെയ്തിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ 2020 ഒക്ടോബര്‍ 5നാണ് ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ്‌ചെയ്തത്. ഹാഥ്‌റസില്‍ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വാര്‍ത്താശേഖരണാര്‍ഥം പോവുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദീഖ് കപ്പനെ രാജ്യ വിരുദ്ധ പ്രവര്‍ത്തനം, ഭീകരവാദം തുടങ്ങിയവ ആരോപിച്ച് യുഎപിഎ ചുമത്തി ജയിലിലടച്ചു. അഴിമുഖം, തേജസ് ദിനപത്രം, തല്‍സമയം സായാഹ്ന പത്രം എന്നിവയുള്‍പ്പെടെയുള്ള മലയാളപത്രങ്ങളില്‍ കാപ്പന്‍ ജോലി ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 5ന് യുപിയിലെ മഥുരയിലെ ടോള്‍ പ്ലാസയില്‍ വച്ച് കാപ്പനെയും മൂന്ന് മുസ് ലിം യുവാക്കളെയും പോലിസ് അറസ്റ്റ് ചെയ്തു. കേരള യൂനിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ്‌സ് (കെയുഡബ്ല്യുജെ) സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കി. കെയുഡബ്ല്യുജെ നല്‍കിയ ജാമ്യാപേക്ഷ സുപ്രിംകോടതി നിരസിക്കുകയും കീഴ്‌ക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇപ്പോഴും കാപ്പന്റെ ജാമ്യാപേക്ഷ മാറ്റിവച്ചുകൊണ്ടിരിക്കുകയാണ്.

 



ആസിഫ് സുല്‍ത്താന്‍

    കശ്മീര്‍ നരേറ്റര്‍ എന്ന മാസികയിലെ മാധ്യമപ്രവര്‍ത്തകനായ ആസിഫ് സുല്‍ത്താനെ 2018 ആഗസ്ത് 27 ന് ജമ്മു കശ്മീര്‍ പോലിസാണ് കസ്റ്റഡിയിലെടുത്തത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കിയെന്ന് ആരോപിച്ച് 2019 ഫെബ്രുവരിയില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇപ്പോള്‍ ശ്രീനഗര്‍ സെറ്റ്‌നാല്‍ ജയിലില്‍ കഴിയുകയാണ്.



ആനന്ദ് തെല്‍തുംബ്ദെയും ഗൗതം നവ്‌ലാഖയും

    മാവോവാദി ബന്ധം ആരോപിച്ചുള്ള കുറ്റം ചുമത്തിയാണ് ആനന്ദ് തെല്‍തുംബ്‌ദെ, ഗൗതം നവ്‌ലാഖ എന്നിവരെ 2020 ഏപ്രില്‍ 14ന് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ എക്‌സ്പ്രസ്, ഇക്കണോക്കല്‍ ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി, തെഹല്‍ക്ക, ഔട്ട്‌ലുക്ക് എന്നിവയില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച് കോളമെഴുതുകയും ജാതി വിരുദ്ധ എഴുത്തുകാരനുമാണ് ആനന്ദ് തെല്‍തുംബ്ദെ. ന്യൂസ്‌ക്ലിക്ക് എന്ന വാര്‍ത്താ വെബ്‌സൈറ്റിലെ കോളമിസ്റ്റാണ് നവ്‌ലാഖ. ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലിയുടെ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റായിരുന്നു. 2017 ഡിസംബര്‍ 31ന് മഹാരാഷ്ട്രയിലെ പൂനെയില്‍ നടന്ന ഭീമാ കൊറേഗാവ് അനുസ്മരണത്തോടനുബന്ധിച്ചു നടന്ന സംഘര്‍ഷത്തിന്റെ പേരിലാണ് ടെല്‍തുംബ്‌ദെ, നവ്‌ലാഖ എന്നിവരെയും മറ്റ് 15ലേറെ പേരെയും മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്.

Four Indians among 274 journalists jailed worldwide: CPJ 2020 Prison Census

Tags: