കോയമ്പത്തൂരില്‍ റെയില്‍ പാളത്തിലിരുന്ന നാല് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ട്രെയിന്‍തട്ടി മരിച്ചു

വിദ്യാര്‍ഥികളെല്ലാം പാളത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നാണ് പോലിസം നിഗമനം. അപകട സ്ഥലത്തുനിന്ന് മദ്യക്കുപ്പിയും ഡിസ്‌പോസിബിള്‍ കപ്പുകളും കണ്ടെടുത്തു.

Update: 2019-11-14 09:21 GMT

കോയമ്പത്തൂര്‍: റെയില്‍വേ ട്രാക്കില്‍ ഇരിക്കുകയായിരുന്ന നാല് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സുലൂര്‍ റാവുത്തല്‍ പാലം റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ട്രാക്കില്‍ ഇരുന്ന വിദ്യാര്‍ഥികളെ ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ഒരു വിദ്യാര്‍ഥി പരിക്കുകളോടെ രക്ഷപ്പെട്ടു. സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്നവരും കൊടൈക്കനാല്‍, തേനി, വിരുത നഗര്‍ ജില്ലകളില്‍ നിന്നുള്ളവരുമായ ഡി സിദ്ദീഖ് രാജ(22), രാജശേഖര്‍(23), എം ഗൗതം(20), കറുപ്പസ്വാമി(24) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അവസാന വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ എം വിഘ്‌നേഷി(22)നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളെല്ലാം പാളത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നാണ് പോലിസം നിഗമനം. അപകട സ്ഥലത്തുനിന്ന് മദ്യക്കുപ്പിയും ഡിസ്‌പോസിബിള്‍ കപ്പുകളും കണ്ടെടുത്തു.

    സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികള്‍ റെയില്‍വേ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബോതന്നൂര്‍ റെയില്‍വേ പോലിസെത്തി മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. പോലിസാണ് പരിക്കേറ്റയാളെ ആശുപത്രിയിലേക്കു മാറ്റിയത്. 2018 ബാച്ച് വിദ്യാര്‍ഥികളായ ഗൗതമും കറുപ്പസ്വാമിയും പരീക്ഷയെഴുതാനാണെത്തിയത്. രാജശേഖര്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും മറ്റു രണ്ടുപേര്‍ അവസാന വര്‍ഷ വിദ്യാര്‍ഥികളുമാണ്. പരീക്ഷ കഴിഞ്ഞാണ് എല്ലാവരും പാളത്തിനടുത്തേക്ക് പോയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.




Tags: