മലിനജല ശുദ്ധീകരണ പ്ലാന്റില്‍ രാസ ടാങ്ക് പൊട്ടിത്തെറിച്ച് നാലു മരണം

Update: 2020-12-04 02:44 GMT

ലണ്ടന്‍: പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിനു സമീപം മലിനജല ശുദ്ധീകരണ പ്ലാന്റില്‍ രാസ ടാങ്ക് പൊട്ടിത്തെറിച്ച് നാലുപേര്‍ മരിച്ചു. അവോണ്‍മൗത്തിലെ പ്ലാന്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ക്കു കൂടി പരിക്കേറ്റിട്ടുണ്ടെങ്കിലും ജീവന്‍ അപകടത്തിലല്ലെന്നും റിപോര്‍ട്ടുകളുണ്ട്. സ്ഫോടന കാരണം സംബന്ധിച്ച് മുന്‍വിധികളില്ലെന്നും എന്നാല്‍ തീവ്രവാദവുമായി ബന്ധമില്ലെന്നും പോലിസ് പറഞ്ഞു. ഓര്‍ഗാനിക് മണ്ണ് കണ്ടീഷണറുകളായി പുനരുപയോഗം ചെയ്യുന്നതിനുമുമ്പ് സംസ്‌കരിച്ച ബയോ സോളിഡുകള്‍ സൂക്ഷിക്കുന്ന സിലോയിലാണ് വെസെക്‌സ് വാട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്ലാന്റില്‍ സ്‌ഫോടനം ഉണ്ടായതെന്ന് അവോണ്‍ സോമര്‍സെറ്റ് പോലിസ് ചീഫ് ഇന്‍സ്‌പെക്ടര്‍ മാര്‍ക്ക് റുനക്രസ് പറഞ്ഞു.

    കാണാതായവരെ തിരയാന്‍ ഹെലികോപ്റ്റര്‍ എത്തിയെന്നും പ്ലാന്റിലേക്ക് പോവുന്ന റോഡ് പോലിസ് അടച്ചതെന്നും സാക്ഷി ജവാദ് ബുര്‍ഹാന്‍ പറഞ്ഞു. 'ശബ്ദം ഞാന്‍ കേട്ടു, ഞാന്‍ കെട്ടിടത്തിന്റെ അരികില്‍ മറ്റൊരു വെയര്‍ഹൗസില്‍ ജോലി ചെയ്യുന്നു. 10 മിനിറ്റിനു ശേഷം ഹെലികോപ്റ്ററും പോലിസും വരുന്നതായി കണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 11:20ഓടെ സ്ഫോടനമുണ്ടായെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്‌നിശമനസേനയെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതാണെന്ന് അവോണ്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിലെ ലൂക്ക് ഗാസാര്‍ഡ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ വെസെക്‌സ് വാട്ടറിലെ ജോലിക്കാരാണെന്നും നാലാമത്തെയാള്‍ കരാറുകാരനാണെന്നും പോലിസ് പറഞ്ഞു. നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ അതിയായ ദുഖമുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു.

Four Die In UK Chemical Tank Explosion

Tags:    

Similar News