ഡല്‍ഹിയിലെ കലാപ പ്രദേശങ്ങളില്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ സന്ദര്‍ശിച്ചു -ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങണമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജസ്റ്റിസ് കുര്യന്‍ ജോസഫ്, എ കെ പട്‌നായിക്, വിക്രം ജിത്ത് സെന്‍ എന്നിവരാണ് കലാപമേഖലകളില്‍ സന്ദര്‍ശനം നടത്തിയത്. കലാപത്തിലുണ്ടായ നാശനഷ്ടങ്ങള്‍ നേരില്‍ കണ്ട വിരമിച്ച ജഡ്ജിമാര്‍ പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

Update: 2020-03-05 17:52 GMT

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാര ആക്രമണമുണ്ടായ പ്രദേശങ്ങളില്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ സന്ദര്‍ശനം നടത്തി. ജസ്റ്റിസ് കുര്യന്‍ ജോസഫ്, എ കെ പട്‌നായിക്, വിക്രം ജിത്ത് സെന്‍ എന്നിവരാണ് കലാപമേഖലകളില്‍ സന്ദര്‍ശനം നടത്തിയത്. കലാപത്തിലുണ്ടായ നാശനഷ്ടങ്ങള്‍ നേരില്‍ കണ്ട വിരമിച്ച ജഡ്ജിമാര്‍ പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. കലാപത്തില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് വേണ്ടി ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റികളോട് ജസ്റ്റിസ് കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു.

'ഞെട്ടലുണ്ടാക്കുന്നതാണ് ഡല്‍ഹിയിലെ കാഴ്ച്ചകള്‍. ജനങ്ങളുടെ വീടുകളും വാഹനങ്ങളും വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ പോലും കലാപത്തിന് ഇരയായവര്‍ ഭയക്കുകയാണ്'.ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

ഇരകള്‍ക്ക നിയമ സഹായം നല്‍കുന്നതിന് കലാപ പ്രദേശങ്ങളിലും ക്യാപുകളിലും അഭിഭാഷകരെ സംഘടിപ്പിച്ചുകൊണ്ട് ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങണമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു. ലോ കോളജുകളില്‍ നിന്ന് നിയമ വിദ്യാര്‍ഥികളെ സന്നദ്ധ പ്രവര്‍ത്തനത്തിന് അയക്കണമെന്ന് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരോടും കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു.

രാജ്യതലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തി മൂന്ന് ദിവസത്തോളം നീണ്ടു നിന്ന കലാപത്തില്‍ 53 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. കലാപം അവസാനിച്ച് ദിവസങ്ങള്‍ക്ക് ശേഷവും അഴുക്കുചാലുകളില്‍ നിന്നും മറ്റുമായി പലരുടേയും മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത്. കലാപത്തില്‍ ഇതുവരെ 654 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡല്‍ഹി പോലിസ് അറിയിച്ചിട്ടുണ്ട്. ഇതില്‍ 47 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ആയുധനിയമം അനുസരിച്ചാണ്. 1820 പേരാണ് വിവിധ കേസുകളിലായി പോലിസ് പിടിയിലായത്.

Tags:    

Similar News