മാരുതി സുസുകി മുന്‍ എംഡി ജഗദീഷ് ഖട്ടാര്‍ അന്തരിച്ചു

Update: 2021-04-26 08:49 GMT

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുകിയുടെ മുന്‍ എംഡിയും ഓട്ടോമോട്ടീവ് സെയില്‍സ് ആന്റ് സര്‍വീസ് കമ്പനിയായ കാര്‍നേഷന്‍ ഓട്ടോ ഇന്ത്യയുടെ സ്ഥാപകനുമായ ജഗദീഷ് ഖട്ടാര്‍(78) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 1993 മുതല്‍ 2007ല്‍ വിരമിക്കുന്നതുവരെ മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായിരുന്നു. 1993 ല്‍ മാരുതിയില്‍ മാര്‍ക്കറ്റിങ് ഡയറക്ടറായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1999ല്‍ എംഡിയായി. ആദ്യം സര്‍ക്കാര്‍ നോമിനിയായും പിന്നീട് 2002 മെയ് മാസത്തില്‍ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ നോമിനിയായുമാണ് നിയമനം. മാരുതി സുസുക്കിയുമായുള്ള ബന്ധത്തിന് മുമ്പ് 37 വര്‍ഷത്തോളം പരിചയമുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് ഖട്ടാര്‍. 2007 ല്‍ മാരുതിയില്‍ നിന്ന് വിരമിച്ച ശേഷം, മള്‍ട്ടി ബ്രാന്‍ഡ് പാന്‍-ഇന്ത്യ സെയില്‍സ് ആന്റ് സര്‍വീസ് നെറ്റ്വര്‍ക്കുള്ള തന്റെ പുതിയ കമ്പനിയായ കാര്‍നേഷന്‍ ഓട്ടോ ഇന്ത്യ സ്ഥാപിച്ചു. ഐഎഎസുകാരനായി കേന്ദ്ര-സംസ്ഥാന സര്‍വീസുകള്‍ക്കു ശേഷമാണ് മാരുതിയിലെത്തിയത്. കേന്ദ്ര സ്റ്റീല്‍ മന്ത്രാലയത്തില്‍ ജോയിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    കാര്‍നേഷന്‍ ഓട്ടോ ഇന്ത്യ 110 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് 2019 ല്‍ സിബിഐ കേസെടുത്തതോടെ ഖട്ടാര്‍ വിവാദത്തിലായി. 2019 ഒക്ടോബര്‍ 7ന് പഞ്ചാബ് നാഷനല്‍ ബാങ്ക്(പിഎന്‍ബി) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം ഖട്ടാറിനും കമ്പനിക്കുമെതിരെ സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു.

Former MD of Maruti Suzuki Jagdish Khattar dies

Tags:    

Similar News