കണ്ണന്‍ ഗോപിനാഥനെ മോചിപ്പിച്ചു; വിട്ടയച്ചത് എട്ടു മണിക്കൂറിന് ശേഷം

എട്ടു മണിക്കൂറോളം തടങ്കലിലായിരുന്ന ഗോപിനാഥനെ മോചിപ്പിച്ച ശേഷം പോലിസ് അകമ്പടിയില്‍ യുപി അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി.

Update: 2020-01-04 16:00 GMT

ലക്‌നോ: ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ ആഗ്രയ്ക്ക് സമീപം തടഞ്ഞുവച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു. വ്യക്തിഗത ബോണ്ടിലാണ് മോചനം. ഗോപിനാഥനെ കസ്റ്റഡിയിലെടുത്തതില്‍ ജെഎന്‍യു മുന്‍ ഗവേഷക വിദ്യാര്‍ഥി ഉമര്‍ ഖാലിദ് ആശങ്ക പ്രകടിപ്പിക്കുകയും അദ്ദേഹത്തെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ഫോണ്‍ പ്രതികരിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.

പോലിസ് സ്‌റ്റേഷനുപകരം ഹോട്ടലിലേക്ക് തന്നെ കൊണ്ടുപോയതായി കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ തടങ്കലില്‍വച്ച 'ധാബ'യുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. എട്ടു മണിക്കൂറോളം തടങ്കലിലായിരുന്ന ഗോപിനാഥനെ മോചിപ്പിച്ച ശേഷം പോലിസ് അകമ്പടിയില്‍ യുപി അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ആഗസ്തിലാണ് 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗോപിനാഥന്‍ സര്‍വീസില്‍നിന്നു രാജിവച്ചത്.

Tags:    

Similar News