വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകം: ബിജെപി മുന്‍ എംപിക്ക് ജീവപര്യന്തം

ഗിര്‍ വനത്തിലെ അനധികൃത ഖനനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടു വന്ന അമിത് ജേത്വ കൊല്ലപ്പെട്ട കേസിലാണ് ജീവപര്യന്തം തടവ് ലഭിച്ചത്‌

Update: 2019-07-11 09:16 GMT

അഹമ്മദാബാദ്: ഗിര്‍ വനത്തിലെ അനധികൃത ഖനനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടു വന്ന ഗുജറാത്തിലെ വിവരാവകാശപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി മുന്‍ എംപി ദിനു സോളങ്കിക്ക് ജീവപര്യന്തം തടവ്. അനധികൃത ഖനനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിനു പിന്നാലെയാണ് വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് ജേത്വ കൊല്ലപ്പെട്ടത്.

കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ മറ്റ് ആറുപേര്‍ക്കും അഹമ്മദാബാദ് സി.ബി.ഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. അഹമ്മദാബാദ് ഡിറ്റെക്ഷന്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസില്‍ ആറ് പേര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ശിവ സോളങ്കി, ശൈലേഷ് പാണ്ഡ്യ, ബഹാദൂര്‍ സിന്‍ഹ് വദെര്‍, പാഞ്ചന്‍ ജി ദേശായി, സജ്ഞയ് ചൗഹാന്‍, ഉദാജി താക്കറെ എന്നിവരായിരുന്നു പ്രതികള്‍. കേസന്വേഷണത്തില്‍ അഹമ്മദാബാദ് ഡിറ്റെക്ഷന്‍ െ്രെകം ബ്രാഞ്ച് സോളങ്കിയ്ക്ക് ശുദ്ധിപത്രം നല്‍കുകയും ഇതിനെതിരേ ജേത്വയുടെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. കേസില്‍ സാക്ഷികളെ ബിജെപി സ്വാധീനിക്കുന്നുവെന്ന് ആരോപണമുയരുകയും സാക്ഷികളില്‍ പലരും കൂറുമാറുകയും ചെയ്തതിന് പിന്നാലെയാണ് പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിട്ടത്.കേസിന്റെ വിസ്താരത്തിനിടയില്‍ സാക്ഷികളായി ഉണ്ടായിരുന്ന 195 പേരില്‍ 105 പേരും പ്രതിഭാഗത്തിനനുകൂലമായി കൂറുമാറിയതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു.

2013ല്‍ സിബിഐ കേസ് ഏറ്റെടുത്തതോടെ സോളങ്കിയെ പ്രതിചേര്‍ക്കുകയായിരുന്നു. 2010 ജൂലൈയില്‍ ഗുജറാത്ത് ഹൈക്കോടതിക്ക് പുറത്തുവച്ചാണ് അമിത് ജേത്വയെ വെടിവച്ച് കൊന്നത്.ആ സമയത്ത് ജുനഗഡില്‍ നിന്നുള്ള എംപിയായിരുന്നു സോളങ്കി.


Tags: