അനുപമയുടെ കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റിലും തിരിമറി; അച്ഛന്റെ പേരും വിലാസവും തെറ്റായി നല്‍കി

കുട്ടിയെ അനുപമയില്‍ നിന്ന് ഒഴിവാക്കാന്‍ ആസൂത്രിതമായ നീക്കങ്ങളാണ് ഓരോ ഘട്ടത്തിലും നടന്നുവെന്ന തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Update: 2021-10-22 14:47 GMT

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും തിരിമറി. കുട്ടിയുടെ അച്ഛന്റെ പേരും മേല്‍വിലാസവും തെറ്റായാണ് ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അച്ഛന്‍ അജിത്തിന്റെ പേരിന് പകരം ജയകുമാര്‍ എന്ന പേരാണ് ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് നല്‍കിയിരിക്കുന്നത്. കവടിയാര്‍ കുറവന്‍കോണം സ്വദേശിയാണ് അജിത്. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിരിക്കുന്നത് തിരുവനന്തപുരം മണക്കാടുള്ള ഒരു മേല്‍വിലാസമാണ്.

കുട്ടിയെ അനുപമയില്‍ നിന്ന് ഒഴിവാക്കാന്‍ ആസൂത്രിതമായ നീക്കങ്ങളാണ് ഓരോ ഘട്ടത്തിലും നടന്നുവെന്ന തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാട്ടാക്കടയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അനുപമ 2020 ഒക്ടോബര്‍ 19ന് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. അവിടെ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരുന്നത്.

പഞ്ചായത്ത് നല്‍കിയ ജനന സര്‍ട്ടിഫിക്കേറ്റില്‍ കുട്ടിയുടെ അമ്മയുടെ പേരിന്റെ സ്ഥാനത്ത് അനുപമ എസ് ചന്ദ്രന്‍ എന്ന് കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്തിന് പകരം ഒരു ജയകുമാര്‍ സി എന്ന വ്യക്തിയുടെ പേരാണ് നല്‍കിയിരിക്കുന്നത്.