ആദിവാസികളെ നെല്‍കൃഷിയില്‍ നിന്ന് വിലക്കി വനംവകുപ്പ്

വര്‍ഷങ്ങളായി തരിശായി കിടക്കുന്ന സ്ഥലത്ത് നിരവധി കുടുംബങ്ങളാണ് കൃഷി ചെയ്തു വന്നിരുന്നത്.

Update: 2021-07-23 11:54 GMT

പുല്‍പ്പള്ളി: വയനാട് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൊളവള്ളി പാടത്ത് വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി വനംവകുപ്പ്. വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയായതിനാല്‍ നെല്‍കൃഷി നടത്താനാവില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് പരമ്പരാഗത ഗോത്ര കര്‍ഷകര്‍.

കേരള-കര്‍ണാടക അതിര്‍ത്തിയിലെ കൊളവള്ളിയിലെ കബനി നദിയുടെ തീരത്തെ ഇരുപതോളം ഏക്കര്‍ സ്ഥലത്താണ് നെല്‍കൃഷിയിറക്കാന്‍ വനംവകുപ്പ് തടസം നില്‍ക്കുന്നത്. വനത്തിനകത്തേക്ക് അതിക്രമിച്ച് കയറിയാല്‍ ശിക്ഷാര്‍ഹമാണെന്ന് കാണിച്ച് ബോര്‍ഡ് സ്ഥാപിക്കുകയും രണ്ട് വാച്ചര്‍മാരെ കാവലേര്‍പ്പെടുത്തിയുമാണ് ഗോത്രവര്‍ഗ കര്‍ഷകരോട് വനംവകുപ്പ് അനീതി കാണിക്കുന്നത്.

വര്‍ഷങ്ങളായി തരിശായി കിടക്കുന്ന സ്ഥലത്ത് നിരവധി കുടുംബങ്ങളാണ് കൃഷി ചെയ്തു വന്നിരുന്നത്. കാലവര്‍ഷമാരംഭിച്ചതോടെ വിത്തിട്ട് കൃഷിപ്പണി ആരംഭിക്കാനിരിക്കെയാണ് വനംവകുപ്പ് വിലങ്ങുതടിയായി മാറിയിരിക്കുന്നത്. തരിശായി കിടക്കുന്ന ഭൂമി വനമാണെന്ന് കാണിച്ച് വനംവകുപ്പ് ജണ്ട കെട്ടി തിരിച്ചിരിക്കുകയാണ്. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.

Similar News