'മരണം തലയ്‌ക്കേറ്റ മാരകക്ഷതം മൂലം'; അഭയ കേസില്‍ നിര്‍ണായക മൊഴി

ആത്മഹത്യയുടെ ഒരു ലക്ഷണവുമില്ലെന്നും കന്തസ്വാമി മൊഴി നല്‍കി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലെ വിചാരണയിലാണ് കന്തസ്വാമി നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

Update: 2019-11-20 17:52 GMT

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ മരിച്ചത് തലയ്‌ക്കേറ്റ മാരക ക്ഷതം കൊണ്ടാണെന്ന് നിര്‍ണായക സാക്ഷി മൊഴി. ഫോറന്‍സിക് വിദഗ്ധന്‍ വി കന്തസ്വാമിയാണ് നിര്‍ണായക മൊഴി നല്‍കിയിരിക്കുന്നത്. ആത്മഹത്യയുടെ ഒരു ലക്ഷണവുമില്ലെന്നും കന്തസ്വാമി മൊഴി നല്‍കി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലെ വിചാരണയിലാണ് കന്തസ്വാമി നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

അഭയ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം. അഭയയുടെ തലയില്‍ ആറ് മുറിവുകളാണ് ഉണ്ടായിരുന്നത്. അതില്‍ തലയുടെ മധ്യഭാഗത്തേറ്റ മുറിവാണ് മരണത്തിന് കാരണമായത്. പോസ്റ്റ് മോര്‍ട്ടത്തില്‍ നിന്നും തന്നെ അഭയയുടേത് കൊലപാതകമാണെന്ന സൂചനകള്‍ ലഭിച്ചിരുന്നു. മുങ്ങി മരണമാണെങ്കില്‍ ശ്വാസകോശത്തില്‍ എന്തെങ്കിലും തരത്തിലുള്ള പദാര്‍ത്ഥം ഉണ്ടായിരിക്കും. കൈവിരലുകള്‍ മുറിക്കിപ്പിടിച്ചിരിക്കും. ഇതിനുള്ളില്‍ ചെളിയോ പുല്ലുകളോ കാണും. എന്നാല്‍ ഇതൊന്നും തന്നെ അഭയയുടെ ശരീരത്തിലുള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്നും കന്തസ്വാമി കോടതിയില്‍ മൊഴി നല്‍കി.

1992 മാര്‍ച്ച് 27 നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ്‌റിലെ കിണറ്റില്‍ സിസറ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 1993 മാര്‍ച്ച് 29 ന് സിബിഐ ഏറ്റെടുത്തു. പത്ത് വര്‍ഷം മുന്‍പ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും നിയമക്കുരുക്കുകള്‍ കാരണം വിചാരണ പലതവണ മാറ്റിവച്ചു.

ഒന്നാം പ്രതി തോമസ് കോട്ടൂരിന്റെയും മൂന്നാം പ്രതി സിസ്റ്റര്‍ സ്‌റ്റെഫിയുടെയും വിടുതല്‍ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വിചാരണ വേഗത്തില്‍ ആരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. രണ്ടു ഘട്ടമായി നടന്ന അന്വേഷണത്തില്‍ 177 സാക്ഷികളാണുള്ളത്. കേസിന്റെ വിചാരണ സമയത്ത് പല സാക്ഷികളും കൂറുമാറിയിരുന്നു.

Tags: