കര്‍ഷക വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തി; അറിയിപ്പുമായി ബാങ്കേഴ്‌സ് സമിതിയുടെ പരസ്യം

മൊറട്ടോറിയം നീട്ടിയതിന് ആര്‍ബിഐ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ മറ്റന്നാള്‍ മുഖ്യമന്ത്രി വിളിച്ച യോഗം നടക്കാനിരിക്കെയാണ് ബാങ്കേഴ്‌സ് സമിതി നിലപാട് അറിയിക്കുന്നത്.

Update: 2019-06-23 03:47 GMT

തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകളില്‍ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തി ഉണ്ടാകുമെന്നറിയിച്ച് ബാങ്കേഴ്‌സ് സമിതി പത്രങ്ങളില്‍ പരസ്യം നല്‍കി. മൊറട്ടോറിയം നീട്ടിയതിന് ആര്‍ബിഐ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ മറ്റന്നാള്‍ മുഖ്യമന്ത്രി വിളിച്ച യോഗം നടക്കാനിരിക്കെയാണ് ബാങ്കേഴ്‌സ് സമിതി നിലപാട് അറിയിക്കുന്നത്.

നിലവില്‍ ജപ്തി നടപടിക്ക് ആര്‍ബിഐയുടെ അംഗീകാരമുണ്ടെന്നാണ് ബാങ്കേഴ്‌സ് സമിതി എല്ലാ പത്രങ്ങളിലും നല്‍കിയിരിക്കുന്ന പരസ്യം. മൊറട്ടോറിയം കാലാവധി നീട്ടിയിട്ടില്ലെന്നും പരസ്യം വ്യക്തമാക്കുന്നു. അതേ സമയം, ജപ്തി ഒരു തരത്തിലും അനുവദിക്കില്ലെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. മറ്റന്നാള്‍ ചേരാനിരുന്ന യോഗത്തില്‍ ബാങ്കേഴ്‌സ് സമിതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍.

കര്‍ഷകരെടുത്ത കാര്‍ഷിക കാര്‍ഷികേതര വായ്പകളുടെയെല്ലാം മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടിക്കൊണ്ട് മെയ് 29നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന്റെ വിശദാംശങ്ങള്‍ ബാങ്കേഴ്‌സ് സമിതിക്ക് കൊടുത്തു. എന്നാല്‍, മുമ്പ് പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം നീട്ടിയതാണെന്നും ഇനി സാധ്യമല്ലെന്നുമുള്ള നിലപാടാണ് ആര്‍ബിഐ സ്വീകരിച്ചത്.

ഇത് വഴി വീണ്ടും ജപ്തി നടപടികളിലേക്ക് നീങ്ങാനുള്ള അവസരം ബാങ്കുകള്‍ക്ക് വന്ന സാഹചര്യത്തിലാണ് അടിയന്തരമായി ഇടപെടാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തേടിയത്. ആര്‍ബിഐയെ സര്‍ക്കാര്‍ വീണ്ടും സമീപിക്കാനിരിക്കുകയുമായിരുന്നു. ഇതിനിടയിലാണ് ബാങ്കേഴ്‌സ് സമിതി പരസ്യം നല്‍കിയിരിക്കുന്നത്. 

Tags:    

Similar News